പീരുമേട്: ഉൽപാദന ചെലവിന് ആനുപാതിക വരുമാനം ലഭിക്കാതെയും പച്ച കൊളുന്തിന് വിപണിയില്ലാതെയും ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ. ഏതാനും മാസം മുമ്പുവരെ ഒരു കിലോ പച്ചകൊളുന്തിന് കിലോക്ക് 32 രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോൾ 15 രൂപയായാണ് കുറഞ്ഞത്. വേനൽമഴ ആരംഭിച്ചതോടെ ഉൽപാദനം ഇരട്ടിയായി. എന്നാൽ, വിലയിടിഞ്ഞതും സ്വന്തമായി തോട്ടമില്ലാത്ത ഫാക്ടറികൾ പച്ചക്കൊളുന്ത് വാങ്ങാൻ മടിക്കുന്നതുമാണ് കർഷകർക്ക് തിരിച്ചടിയായത്.
തേയില കയറ്റുമതി കുറയുകയും ആഭ്യന്തര വിപണിയിൽ മാന്ദ്യം സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് തേയിലവിൽപന ഗണ്യമായി കുറഞ്ഞതിനാൽ ഫാക്ടറികളിൽ തേയില കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽ തേയിലയും ഉള്ളതിനാൽ വിപണിയിൽനിന്ന് തേയില വാങ്ങുന്നവർ അളവ് കുറച്ചത് വിപണിയെ ബാധിച്ചു. ഇതോടൊപ്പം കോവിഡ് ബാധയെ തുടർന്ന് തിരക്ക് ഗണ്യമായി കുറഞ്ഞതിനാൽ ഹോട്ടലുകളിലും ചായക്കടകളിലും ഉപയോഗം കുറഞ്ഞതും തേയില കെട്ടിക്കിടക്കാൻ കാരണമായി. ഗുണമേന്മക്കനുസരിച്ച് തേയിലക്ക് 225 രൂപ മുതൽ 3000 രൂപ വരെ വിപണിയിൽ വില ഇൗടാക്കുേമ്പാഴും കർഷകർക്ക് കൊളുന്തിന് തുച്ഛമായ വിലയേ ലഭിക്കുന്നുള്ളൂ.
പീരുമേട് താലൂക്ക് പരിധിയിൽ പതിനായിരത്തോളം ചെറുകിട തേയില കർഷകരാണുള്ളത്. ഇവർ ഉൽപാദിപ്പിക്കുന്ന കൊളുന്ത് ഇടനിലക്കാർ വഴിയാണ് ഫാക്ടറികളിൽ എത്തിക്കുന്നത്. വാഹനം വാടകക്ക് വിളിച്ച് ദൂരെയുള്ള ഫാക്ടറികളിൽ എത്തിച്ച് നൽകുന്നത് അധിക ചെലവായതിനാൽ പലപ്പോഴും ഇടനിലക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഇടനിലക്കാർ ലാഭം കൊയ്യുമ്പോൾ കർഷകർക്ക് നഷ്ടക്കണക്ക് മാത്രമാണ്. കൊളുന്ത് തൊഴിലാളികൾ കൈകൊണ്ട് എടുക്കുമ്പോൾ പ്രതിദിനം 25 കിലോ മാത്രമാണ് എടുക്കാനാവുക. ഇവർക്ക് ദിവസം 450 രൂപ കൂലി നൽകണം. ഷിയർ എന്ന ഉപകരണം ഉപയോഗിച്ചാകുമ്പോൾ 100 കിലോയോളം എടുക്കും. 600 രൂപയാണ് കൂലി. കൈ കൊണ്ട് എടുക്കുന്ന കൊളുന്തിനാണ് മികച്ച വില ലഭിക്കുന്നത്. തൊഴിലാളിയുടെ കൂലി, വളം, കീടനാശിനികൾ എന്നിവയുടെ ചെലവ് കഴിയുമ്പോൾ ഉൽപാദന ചെലവിന് ആനുപാതികമായ വരുമാനം കർഷകർക്ക് ലഭിക്കുന്നില്ല.
വിലക്കുറവിെൻറ പേരിൽ കൊളുന്ത് എടുക്കാതിരുന്നാലും പിന്നീട് ഇരട്ടി ചെലവാണ്. വിളവെടുക്കാതെ വളർന്നു നിൽക്കുന്ന ചെടി കമ്പുകൾ മുറിച്ചുമാറ്റാനും ചെടികൾ വൃത്തിയാക്കാനും കൂടുതൽ പണം ചെലവഴിക്കണം. ചെറുകിട കർഷകരുടെ കൊളുന്ത് സംസ്കരിക്കുന്നതിന് സഹകരണ മേഖലയിൽ തേയില ഫാക്ടറി ആരംഭിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുെട പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ടീ ബോർഡിെൻറ സാമ്പത്തിക സഹായം വൻകിട തോട്ടങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ചെറുകിട കർഷകരെ ബോർഡ് പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പീരുമേട് മേഖലയിലെ ചെറുകിട കർഷകരുടെ കൊളുന്ത് ഇടനിലക്കാർ ശേഖരിച്ച് മൂന്നാർ ഉൾപ്പെടെ സ്ഥലങ്ങളിലെ ഫാക്ടറികളിലാണ് വിൽക്കുന്നത്. പ്രതിദിനം ഒരു ലക്ഷം കിലോ വരെ പച്ചക്കൊളുന്ത് വാങ്ങിയിരുന്ന ഫാക്ടറികൾ ഇപ്പോൾ ഇതിെൻറ പകുതി മാത്രമാണ് വാങ്ങുന്നത്. ഫാക്ടറികളിൽ തേയില കെട്ടിക്കിടക്കുന്നതിനാൽ പച്ചക്കൊളുന്ത് വാങ്ങുന്നത് കുറച്ചതും വിലയിടിവിനൊപ്പം കർഷകർക്ക് ഇരുട്ടടിയായി. ലാഭകരമല്ലാതായതോടെ കൃഷി എന്നേന്നക്കുമായി ഉപേക്ഷിച്ചവരുമുണ്ട്. തേയില കൃഷി മുന്നോട്ട് കൊണ്ടുപോകാനും ഉപേക്ഷിക്കാനും കഴിയാത്ത അവസ്ഥയിൽ നട്ടം തിരിയുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.