പീരുമേട്: കൊളുന്തിന് ഫാക്ടറികൾ നൽകുന്ന വില കർഷകന് ലഭിക്കാത്ത സാഹചര്യത്തിൽ ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. ഫാക്ടറികൾ കിലോക്ക് 18 മുതൽ 20 രൂപവരെ വില നൽകുമ്പോൾ കർഷകർക്ക് 10 മുതൽ 14 രൂപ വരെയാണ് ലഭിക്കുന്നത്. ടീ ബോർഡ് കൊളുന്തിെൻറ വില എല്ലാ മാസവും പ്രഖ്യാപിക്കും.
വില നിർണയ സമിതി യോഗം ചേർന്നാണ് വില തീരുമാനിക്കുന്നത്. ഇടനിലക്കാരില്ലാതെ കൊളുന്ത് വിൽക്കാൻ കർഷകർക്ക് സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. ഫാക്ടറികൾ നേരിട്ട് കർഷകരിൽനിന്ന് വാങ്ങില്ല. ഇടനിലക്കാർ മുഖേന മാത്രം വാങ്ങും. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്. ഫാക്ടറികൾ കൊടുക്കുന്നതിലും കിലോക്ക് ആറു രൂപവരെ കുറച്ചാണ് ഇടനിലക്കാർ കർഷകർക്ക് നൽകുന്നത്. ലോറിക്കൂലി ഉൾപ്പെടെ മറ്റ് ചെലവുകളെന്ന് പറഞ്ഞാണ് വില കുറക്കുന്നത്. ഫാക്ടറികൾ നൽകുന്ന യഥാർഥ വില കർഷകർക്കറിയില്ല. വൻകിട തേയില ഫാക്ടറികൾക്കാണ് ഇടനിലക്കാർ കൊളുന്ത് നൽകുന്നത്.
കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥയില്‍ ചെടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. മരുന്നുകളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ ക്ഷാമവും കൃഷിയെ ബാധിച്ചു.
മഴയുടെ അളവ് കൂടിയതോടെ തേയില ചെടികള്‍ക്ക് പലതരത്തിലുള്ള കീടബാധകളാണ് ഉണ്ടാകുന്നത്. വളര്‍ച്ചയെ മുരടിപ്പിക്കുന്ന കുമിൾ ബാധയാണ് പ്രധാന വെല്ലുവിളി. ഇത് തടയാന്‍ വിലയേറിയ മരുന്നുകളാണ് വിദഗ്ധർ ശിപാർശ ചെയ്യുന്നത്. കഴിഞ്ഞ വർഷം 10 ശതമാനം വീതമാണ് വളത്തിനും മരുന്നിലും വില കൂടിയത്. ഇത്തവണ 15 ശതമാനത്തിന്റെ വർധന ഉണ്ടായി. ഉയര്‍ന്ന വില കൊടുത്തു വാങ്ങുന്ന മരുന്നുകളും കീടനാശിനികളും പ്രയോഗിച്ച് ഉൽപാദിപ്പിക്കുന്ന കൊളുന്ത് വിറ്റുകിട്ടുന്ന തുക തൊഴിലാളികളുടെ വേതനത്തിനുപോലും തികയാത്ത അവസ്ഥയാണ്.
വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. അന്തർ സംസ്ഥാന തൊഴിലാളികളെയാണ് ഇവർക്ക് കൂടുതലായും ആശ്രയിക്കേണ്ടി വരുന്നത്. അസം, ഝാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് തേയില തോട്ടങ്ങളിൽ ജോലി ചെയ്യാൻ ആളുകൾ എത്തുന്നത്.
ഇവരുടെ താമസം അടക്കമുള്ള കാര്യങ്ങൾ ബാധ്യതയാണ്. ഒരു ദിവസം 30 മുതല്‍ 50 കിലോ കൊളുന്ത് വരെയാണ് ഒരു തൊഴിലാളി എടുക്കുന്നത്. അളവനുസരിച്ച് 500 രൂപ വരെയാണ് കൂലിയായി നല്‍കേണ്ടത്. ഇത് വിറ്റുകിട്ടുന്ന തുക ശമ്പളം നല്കാന് തികയാതെ വരുന്നതും പതിവാണ്.
നാലു മുതല്‍ അഞ്ച് കിലോവരെ കൊളുന്ത് ഉണ്ടെങ്കില്‍ ഒരു കിലോ തേയിലപ്പൊടി തയാറാക്കാം. തേയിലപ്പൊടിക്ക് വിപണിയില്‍ 250 രൂപ ശരാശരി വില ലഭിക്കുമ്പോഴും ചെറുകിട തേയില കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന കൊളുന്തിന് കിലോക്ക് 14 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. തേയില കച്ചവടത്തിൽ ഇടനിലക്കാരും ഫാക്ടറി ഉടമകളും ലാഭം കൊയ്യുമ്പോൾ മഴയും വെയിലുമേറ്റ് അധ്വാനിക്കുന്ന കർഷകർക്ക് നഷ്ടക്കണക്കുകൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.