പീരുമേട്: താലൂക്ക് ആശുപത്രി പ്രവർത്തനം ആരംഭിച്ച് 35 വർഷം പിന്നിടുമ്പോഴും അടിയന്തര ഘട്ടത്തിൽ രോഗികൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് .കോടികൾ െചലവഴിച്ച് കെട്ടിട സമുച്ചയങ്ങൾ നിർമിക്കുമ്പോഴും ഡോക്ടർമാരും ചികിത്സയും ലഭ്യമല്ലാത്തതാണ് പ്രധാന കാരണം. ഫാർമസിയിൽ മരുന്നുണ്ടെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ ഇവ ഉപയോഗപ്പെടുന്നില്ല.
തോട്ടം മേഖലയിലടക്കമുള്ളവർക്ക് ആശ്രയമാകേണ്ട ആതുരാലയം രോഗികൾക്ക് യഥാസമയം പ്രയോജനപ്പെടാത്ത സാഹചര്യമാണ് പലപ്പോഴും. കാർഡിയോളജി വിഭാഗം പ്രവർത്തനം ആരംഭിക്കാത്തതിനെ തുടർന്ന് രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. വളരെ ദൂരം യാത്ര ചെയ്ത് മറ്റ് ആശുപത്രിയിൽ എത്തുന്നത് രോഗിയെയും ബന്ധുക്കളെയും സംബന്ധിച്ച് ഏറെ റിസ്കുമാണ്.
മെഡിക്കൽ സൂപ്രണ്ടന്റ് ഉൾപ്പെടെ14 ഡോക്ടർമാരുടെ തസ്തികയാണുള്ളത്.ഇതിൽ എട്ട് ഡോക്ടർമാരുടെ സെഷ്യലൈസ് ചെയ്ത തസ്തികയും രണ്ടുപേർ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരുമാണ്. ഗൈനക്കോളജി, ഓർത്തോ പീഡിയൻ, പീഡിയാട്രീഷ്യൻ, ഒഫ്ത്താൽ മോളജി, മെഡിക്കൽ സൂപ്രണ്ട് തുടങ്ങിയവർ സ്ഥലംമാറി പോയെങ്കിലും പകരം ഡോക്ടർമാർ എത്തിയിട്ടില്ല. പകരം നിയമനം നടന്നെങ്കിലും ചാർജ് എടുക്കുന്നതും വൈകുന്നു. രണ്ട് അസിസ്റ്റന്റ് സർജൻമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. മെഡിക്കൽ സൂപ്രണ്ടും സ്ഥലം മാറ്റം ലഭിച്ചുപോയി. പകരം നിയമനം നടക്കാത്തതിനാൽ അസിസ്റ്റന്റ് സർജന് ചാർജ് നൽകിയിരിക്കുകയാണ്.
ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും സ്ഥലംമാറിപ്പോയതിനാൽ പ്രസവവാർഡിന്റെ പ്രവർത്തനം നിലച്ചു. രണ്ട് ഗൈനക്കോളജിസ്റ്റിന്റെ സേവനം ആവശ്യമുള്ളപ്പോൾ ഒരാൾ മാത്രമാണുള്ളത്. പ്രസവ വാർഡിന്റെ പ്രവർത്തനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും അഞ്ചിൽ താഴെ പ്രസവങ്ങളാണ് ഇവിടെ നടന്നത്.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഉപ്പുതറ, ഏലപ്പാറ, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ നിന്ന് നിരവധി ആളുകൾ ഇവിടെ എത്തുന്നു. പലരും ആശുപത്രിയിൽ എത്തുമ്പോഴാണ് ഡോക്ടർമാരുടെ അഭാവം അറിയുന്നത്.
ഫാർമസി, എക്സ്റേ വിഭാഗം, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഫാർമസിയും. ലാബോറട്ടറി രാത്രിയിലും പ്രവർത്തിക്കുന്നു. അത്യാഹിത വിഭാഗവും പരാതിക്കിട വരാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.30ൽപരം ജീവനക്കാരാണ് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറും അഴുത ബ്ലോക്ക് പഞ്ചായത്തും കോടികളാണ് െചലവഴിക്കുന്നത്.കെട്ടിട സമുച്ചയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ആധുനിക രീതിയിൽ പൂർത്തികരിക്കുമ്പോഴും ഡോക്ടർമാരുടെ അഭാവം ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
എക്സറേ എടുക്കാൻ ദുരിതയാത്ര നടത്തേണ്ട സ്ഥിതിയിലാണ് രോഗികൾ. ഒ.പി, ഐ.വി.വിഭാഗത്തിൽനിന്ന് നൂറ് മീറ്ററിലധികം ദൂരത്തിലാണ് എക്സ്റേ പ്രവർത്തിക്കുന്നത്.പ്രധാന വഴിയിലൂടെ വെയിലും മഴയുമേറ്റ് 50 മീറ്റർ വീൽച്ചെയറിൽ സഞ്ചരിച്ച് ഇറക്കമുള്ള ഇടനാഴിയിലൂടെ സഞ്ചരിച്ചാണ് എക്സ് റേ എടുക്കുന്ന കെട്ടിടത്തിൽ എത്തുന്നത്. എക്സ്റെ എടുക്കാൻ കൊണ്ടുപോകാൻ ജീവനക്കാർ ഇല്ലാത്തതും രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു.
രണ്ട് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം ലഭിക്കാറില്ല. രോഗികൾക്ക് ഒപ്പമുള്ളവരാണ് മിക്കപ്പോഴും വീൽ ചെയറിൽ കൊണ്ടുപോകുന്നത്.റോഡിലൂടെ വീൽചെയറിൽ ക്ലേശിച്ച് രോഗികളുമായി പോകുമ്പോൾ സെക്യൂരിറ്റി ഗാർഡുമാരാണ് പലപ്പോഴും സഹായത്തിന് എത്തുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.