പീരുമേട്: കുമളി ഡിപ്പോയിൽനിന്ന് കോട്ടയം-കുമളി റൂട്ടിൽ സർവിസ് നടത്തിയിരുന്ന ഓർഡിനറി ബസുകൾ നിലച്ചതിനെ തുടർന്ന് യാത്രാക്ലേശം രൂക്ഷം. കോവിഡിന് ശേഷം അഞ്ച് ഓർഡിനറി സർവിസാണ് പുനരാരംഭിച്ചത്. ഇതിൽ നാലെണ്ണം മാസങ്ങളായി ഓടുന്നില്ല. രാവിലെ 5.30ന്റെ ചങ്ങനാശ്ശേരി, 6.40, 7.10, 8.10 സമയങ്ങളിലുള്ള കോട്ടയം എന്നീ സർവിസുകളാണ് നിലച്ചത്. ഓർഡിനറി ബസുകൾ നിലച്ചതോടെ വിദ്യാർഥികളും സാധാരരണക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. നിലവിൽ ഫാസ്റ്റ് ബസുകളിൽ അധികകൂലി നൽകിയാണ് സഞ്ചരിക്കുന്നത്.
കോവിഡിന് മുമ്പ് 30 മിനിറ്റ് ഇടവിട്ട് സർവിസ് നടത്തിയിരുന്നതാണ് നിലച്ചത്. ചില സ്വകാര്യ ബസുകൾക്ക് മുന്നിലുള്ള ഓർഡിനറി, ഫാസ്റ്റ് സർവിസുകൾ മുടങ്ങുന്നതായും ആരോപണമുണ്ട്. സർവിസുകൾ മുടങ്ങുന്നതിനാൽ ജീവനക്കാർക്ക് ഡ്യൂട്ടിയും ലഭിക്കുന്നില്ല. കഴിഞ്ഞമാസവും താൽക്കാലിക ഡ്രൈവർമാരെ നിയമിച്ചിരുന്നു. ഇതിനാൽ ജീവനക്കാരുടെ അപര്യാപ്തയുമില്ല. ബസുകൾ കുറവുള്ളപ്പോൾ ഡിപ്പോ പൂളിൽനിന്ന് ബസ് എത്തിച്ച് സർവിസ് നടത്താമെന്നിരിക്കെ ഇതിനും നടപടിയില്ല.
ദേശീയപാതയിൽ സർവിസ് നടത്തുന്ന ബസുകൾ 220 കിലോമീറ്റർ ഓടുമ്പോൾ 12,000 രൂപയിൽ അധികം വരുമാനം ലഭിക്കുന്നു. 60 ലിറ്റർ ഡീസൽ മാത്രമാണ് ഉപയോഗം ഉണ്ടാകുന്നത് ഈ സർവിസുകൾ മുടങ്ങുമ്പോൾ. കുമളിയിൽനിന്ന് രാവിലെ ഏഴിന് ആനവിലാസം വഴി കട്ടപ്പനക്ക് സർവിസ് നടത്തുന്ന ബസിന് 55 ലിറ്റർ ഡീസലിൽ 7000 രൂപയാണ് വരുമാനം. ഈ ബസ് രാവിലെ 6.05ന് മുണ്ടക്കയം-തൊടുപുഴ-എറണാകുളം സർവിസ് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. ഒരു ജീവനക്കാരന്റെ വീട്ടുപടിക്കൽ വഴി സർവിസ് നടത്തുന്നതിനാലാണ് നഷ്ടത്തിൽ ഓടുന്ന സർവിസ് മുടങ്ങാതിരിക്കാൻ കാരണമെന്നും ആരോപണമുണ്ട്.
കുമളിയിൽനിന്ന് രാവിലെ ആറിന് കോട്ടയത്തേക്ക് ബസ് പോയതിന് ശേഷം മിക്കപ്പോഴും അടുത്ത ബസ് ഏഴിനാണ്. 6.30 ഫാസ്റ്റ്, 6.35 ഓർഡിനറി എന്നിവ മുടങ്ങുകയാണ്. കെ.കെ റോഡിലെ ഓർഡിനറി സർവിസുകൾ മാസങ്ങളായി മുടങ്ങിയിട്ടും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെടാൻ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.