പീരുമേട്: നൂറുകണക്കിന് വിനോദസഞ്ചാരികൾ ദിവസേന എത്തുന്ന പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് ആവശ്യം. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെങ്കിലും പൊലീസ്, സെക്യൂരിറ്റി ഗാർഡുകളൊന്നും ഇവിടെയില്ല. എത്തുന്നവർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അപകട മേഖലകളിലടക്കം കയറുന്നത്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സ്ഥലം റവന്യൂ-വനം വകുപ്പുകളുടേതാണ്. ഗ്രാമപഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ റവന്യൂ വകുപ്പ് തടസ്സവാദവുമായി എത്തും.
പൊലീസ് എയ്ഡ് പോസ്റ്റിന് കെട്ടിടം നിർമിച്ചെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പ്രവർത്തനം ആരംഭിച്ചില്ല. ഇവിടെ പൊലീസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്. ലഹരി വസ്തുക്കളുടെ കൈമാറ്റമടക്കം നടക്കുന്നതായും ആക്ഷേപമുണ്ട്. അഗാധമായ കൊക്കയുള്ള പ്രദേശങ്ങളിൽ സാഹസിക പ്രവൃത്തികളുമായി എത്തുന്നവരും കൂടുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കൊക്കയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 2009ലും ഒരാൾ കൊക്കയിൽ ചാടി മരിച്ചു. 2007ൽ കൊക്കയുടെ വക്കിൽനിന്ന് നൃത്തം ചെയ്യുന്നതിനിടെ യുവാവ് വീണു മരിച്ചു. 2021ന് വിനോദസഞ്ചാരിയായ യുവതിക്ക് കാൽ വഴുതി കൊക്കയിൽ വീണ് പരിക്കേറ്റിരുന്നു.
അഗ്നിരക്ഷാ സേനയാണ് ഇവരെ കൊക്കയിൽനിന്ന് രക്ഷപ്പെടുത്തിയത്. കൊക്കയുടെ മുകളിലെ പാറക്കെട്ടുകളിൽ ചിലർ കയറുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.സർക്കാർ വകുപ്പുകളുടെ പരിശോധനകൾ ഇല്ലാത്തതിനാൽ ഇവിടുത്തെ പെട്ടിക്കടകളിൽ ഭക്ഷണത്തിനടക്കം അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.