പീരുമേട്: ചരിത്രപ്രധാനമായ ഒരു പ്രഖ്യാപനത്തിന് വേദിയായ പീരുമേട് താലൂക്ക് കോടതി കെട്ടിടം 130ാം വർഷത്തിലേക്ക്. 1893 ൽ നിർമിച്ച കോടതി കെട്ടിടത്തിന് ഇപ്പോഴും പഴമയുടെ പ്രൗഢി നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച് പൊതു അവധി ദിനമായി പ്രഖ്യാപിച്ചത് ഈ കോടതിമുറിയിലായിരുന്നു.
തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതി എന്ന നിലയിലാണ് താലൂക്ക് കച്ചേരി തുടങ്ങാൻ പീരുമേടിനെ തെരഞ്ഞെടുത്തത്. ഭരണപരമായ ചില നിർണായക തീരുമാനങ്ങൾക്കും അക്കാലത്ത് പീരുമേട്ടിലെ വേനൽക്കാല വസതി സാക്ഷിയായിരുന്നു. ക്രൈസ്തവ മതവിഭാഗത്തിൽപ്പെട്ടവർക്ക് ആരാധനക്കായി നിയന്ത്രിത അവധിയാണ് അന്ന് ഞായറാഴ്ചകളിൽ നൽകിയിരുന്നത്. എന്നാൽ, എല്ലാ ആഴ്ചയും അവധി ഉണ്ടായിരുന്നില്ല. ഒരാഴ്ച് ജോലിക്ക് അവസാന ദിവസം അവധിയെന്ന ആവശ്യം മഹാരാജാവ് ശ്രീമൂലം തിരുനാൾ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ കൽപന പ്രകാരം ദിവാൻ ശങ്കര സുബ്ബയ്യൻ 1921 മേയ് 12ന് താലൂക്ക് കച്ചേരിയിൽവെച്ച് ഞായറാഴ്ച് പൊതു അവധിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
താലൂക്ക് കച്ചേരി ആരംഭിച്ചപ്പോൾ ന്യായാധിപൻ തഹസിൽദാരായിരുന്നു. തുടർന്ന് 1950ൽ മജിസ്ട്രേറ്റ് കോടതിയായി മാറി. പിന്നിട് ഒന്നാംക്ലാസ് മജിസ്ട്രറ്റ് കോടതിയും 2003ന് ശേഷം മുൻസിഫ് കോടതിയും 2017ൽ ഗ്രാമ ന്യായാലയവുമായി. താലൂക്ക് കച്ചേരിക്ക് സമീപം ജനവാസ മേഖലയായ കുന്ന് കച്ചേരിക്കുന്ന് എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷുകാർ നിർമിച്ചിരുന്ന കെട്ടിടങ്ങളിൽ തണുപ്പുകാലത്ത് തീ കത്തിക്കുന്നതിന് ഒരുക്കിയിരുന്ന ഫയർപ്ലേസും കോടതി കെട്ടിട സമുച്ചയത്തിലുണ്ട്. തറയോടാണ് പാകിയിരിക്കുന്നത്. കനത്ത വേനൽക്കാലത്തും കെട്ടിടത്തിൽ നല്ല തണുപ്പ് അനുഭവപ്പെടുന്ന രീതിയിലാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.