പീരുമേട്: വാഗമണ്ണിലെ മലനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിൽ പൊലീസ് ക്യാമ്പിലെ കോൺസ്റ്റബിൾ അരുൺ പ്രസാദിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണം പൊലീസ് ചിത്രീകരിച്ചിരുന്നതിനാൽ വിഡിയോ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാൻ സാധിക്കും.
വർഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിലേക്ക് എൽ.ഡി.എഫ് പാനലും ശക്തമായി മത്സരിച്ചിരുന്നു. രാവിലെ മുതൽ ഇരുവിഭാഗവും തമ്മിൽ നിരവധി തവണ വാക്തർക്കം ഉണ്ടായിരുന്നു. സംഘർഷത്തിലേക്ക് നീങ്ങുന്ന അവസരം പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
ഉച്ചക്ക് ശേഷം തർക്കം രൂക്ഷമായി. ആൾക്കൂട്ടത്തിലേക്ക് കല്ലേറുമുണ്ടായി. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജനി ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് കല്ലേറിൽ പരിക്കേറ്റു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. കല്ലേറിലും ലാത്തിവീശലിലും നിരവധി പേർക്ക് പരിക്കേറ്റു.
യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി ആലഞ്ചേരി, ഷാജി പൈനാടത്ത്, ആർ. ഗണേശൻ , പാറക്കൽ സിജോ എന്നിവർ പരിക്കേറ്റ് ആശുപത്രിയിലാണ്. എൽ.ഡി.എഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. എൽ.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ അഡ്വ. സിറിയക് തോമസിന്റെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ച് ഭരണം നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ആയിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
തേയില ഫാക്ടറി, പാക്കറ്റ് തേയില, വളം ഡിപ്പോ തുടങ്ങി നിരവധി സംരംഭങ്ങളുള്ള ബാങ്ക് ഭരണം പിടിക്കാൻ ഇരുമുന്നണിയും ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. വാഗമൺ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.