പീരുമേട്: വണ്ടിപ്പെരിയാർ, ചുരക്കുളം, പശുമല മേഖലകളിൽനിന്ന് വിവാദ ഉത്തരവിെൻറ മറവിൽ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ തുടർ നടപടികൾ മരവിച്ചു. 10 കോടി രൂപയിലധികം വിലമതിക്കുന്ന 100 വർഷത്തിലധികം പ്രായമുള്ള ഈട്ടി, തേക്ക് മരങ്ങളാണ് മുറിച്ചുകടത്തിയത്. രണ്ട് മീറ്ററിലധികം ചുറ്റളവുള്ള മരങ്ങളും ഇതിൽപെടുന്നു. 15 ഈട്ടിമരങ്ങളും 350 തേക്ക് മരങ്ങളുമാണ് റവന്യൂ, വനം, രാഷ്്ട്രീയ കൂട്ടുകെട്ടിൽ മുറിച്ച് മില്ലുകളിൽ എത്തിച്ചത്. സ്വകാര്യ തേയിലത്തോട്ടത്തിന് സമീപത്തെ ആറ്റുപുറമ്പോക്ക് ഉൾപ്പെടെ സ്ഥലങ്ങളിലെ മരങ്ങളാണ് തോട്ടം മാനേജ്മെൻറ് വിൽപന നടത്തിയത്. മരങ്ങൾ വാങ്ങിയത് സി.പി.ഐയുടെ ജില്ല ഭാരവാഹിയും.
തടി മുറിച്ചുമാറ്റുന്നതിന് അനുമതി ലഭിക്കാൻ ആറ്റുപുറമ്പോക്ക് എന്നത് തിരുത്തി കരം അടക്കുന്ന ഭൂമിയെന്ന് വ്യാജ സർവേ റിപ്പോർട്ടും വില്ലേജ് ഓഫിസിൽനിന്ന് നൽകി. വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ തഹസിൽദാർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സി.പി.ഐയിലെ ഉന്നത ഇടപെടലിൽ റവന്യൂ വകുപ്പ് അനുമതി നൽകി. വിവിധ ആരോപണങ്ങൾ നേരിടുന്ന വില്ലേജ് ഓഫിസറാണ് ഇതിനുപിന്നിലും പ്രവർത്തിച്ചത്.
തേയില വെച്ചുപിടിപ്പിക്കാൻ പ്രത്യേക ഉത്തരവുപ്രകാരം കൈമാറിയ സ്ഥലത്തെ നിക്ഷിപ്ത മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ എരുമേലി റേഞ്ച് ഓഫിസിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, റവന്യൂ വകുപ്പ് മരംമുറിക്കാൻ അനുമതി നൽകിയതിനെത്തുർന്ന് വനം വകുപ്പും വേണ്ടത്ര അന്വേഷിക്കാതെ മുറിക്കാൻ അനുമതി നൽകി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനാൽ മരംമുറിക്കൽ തടസ്സമില്ലാതെ നടന്നു. മരത്തിെൻറ വിലയായി നാമമാത്രമായ തുകയാണ് സർക്കാറിൽ അടച്ചത്. വൻ മരംകൊള്ളയിൽ സർക്കാറിന് കോടികളുടെ നഷ്ടം ഉണ്ടായെങ്കിലും തുടരന്വേഷണ നടപടികൾ മരവിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.