കട്ടപ്പന: ഷൂട്ടിങിൽ ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നം മക്കളിലൂടെ സഫലമാക്കാൻ ലോറി വിറ്റ് തോക്ക് വാങ്ങി നൽകിയിരിക്കുകയാണ് ഒരു പിതാവ്. കട്ടപ്പന ഇരുപതേക്കർ പൊന്നിക്കവല ചാളനാൽ ജെറ്റിയാണ് സ്വന്തമായുണ്ടായിരുന്ന വാഹനം വിറ്റ് മക്കളുടെ ഷൂട്ടിങ് സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്നത്.
ഡിഗ്രി പഠനം പൂർത്തിയാക്കിയ മൂത്തമകൻ അഭിമന്യുവും എസ്. എസ്.എൽ.സി കഴിഞ്ഞ മകൾ അഭിരാമിയും ഷൂട്ടിങ് രംഗത്ത് ജെറ്റിയുടെ പ്രതീക്ഷകളാണ്. തൊടുപുഴ മുട്ടത്തെ ഷൂട്ടിങ് ക്ലബിൽ പരിശീലനം നടത്തുന്ന ഇരുവരും സംസ്ഥാന, ദേശീയ തലങ്ങളിലടക്കം ഇതിനകം യോഗ്യത തെളിയിച്ചു. ഒളിമ്പിക്സ് ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്.
ഒളിമ്പിക്സ് മെഡൽ മക്കളിലൂടെ മലയോരത്ത് എത്തിക്കുകയാണ് ജെറ്റിയുടെ ലക്ഷ്യം. ഷൂട്ടിങ് പരിശീലനത്തിനാവശ്യമായ ലക്ഷങ്ങൾ വിലയുള്ള അത്യാധുനിക തോക്ക് അഭിജിത്തിന്റെയും അഭിരാമിയുടെയും സ്വപ്നമായിരുന്നു. അതിന് പണം തടസ്സമായപ്പോൾ ജെറ്റി മറ്റൊന്നും ആലോചിക്കാതെ വരുമാന മാർഗമായ ലോറി വിറ്റു. കുടിയേറ്റ കാലം മുതൽ തോക്ക് സ്വന്തമായുള്ള കുടുംബമാണ് ജെറ്റിയുടേത്.
ഷൂട്ടിങ്ങിൽ വലിയ നേട്ടങ്ങൾ ചെറുപ്പം മുതൽ ഇദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. 100 കിലോ മീറ്ററിലേറെ യാത്ര ചെയ്തുള്ള പരിശീലനം മക്കൾക്ക് പ്രയാസമായതോടെ വീടിന്റെ മുകൾ നിലയിൽ മക്കൾക്ക് ഷൂട്ടിങ് പരിശീലനത്തിന് സൗകര്യം ഒരുക്കി. 14 ലക്ഷം വിലയുള്ള അത്യാധുനിക കെ.കെ - 500 വാൾത്തർ തോക്കാണ് പരിശീലനത്തിനായി വാങ്ങിയത്.
ഇടം കൈ ഷൂട്ടർ ആയ അഭിമന്യു ഏഴാം ക്ലാസ് മുതലാണ് പരിശീലനം ആരംഭിച്ചത്. 10 മുതൽ 50 മീറ്റർ വിഭാഗത്തിൽ ഇതുവരെ നിരവധി ദേശീയ അംഗീകാരങ്ങൾ അഭിമന്യു നേടിയിട്ടുണ്ട്. സഹോദരി അഭിരാമിയും മികച്ച ഷൂട്ടിങ് താരമാണ്. നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിറ്ററായ മായയാണ് ജെറ്റിയുടെ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.