തൊടുപുഴ: 81ാം വയസ്സിലും ഉശിരോടെ ജീപ്പ് ഓടിക്കുകയാണ് ആനച്ചാലില്‍ പാപ്പച്ചന് ചേട്ടന്. ഇടുക്കിക്കാരുടെ പ്രിയ വാഹനമായ ജീപ്പുമായി 20ാം വയസ്സിൽ തുടങ്ങിയ കൂട്ടാണ്. ഒരുപാട് വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇഷ്ടം ജീപ്പിനോടുതന്നെ.
ഗതാഗത സൗകര്യം പോലും അസാധ്യമായ കാലത്ത് ഹൈറേഞ്ചിലെ യാത്രകൾക്ക് ഏക ആശ്രയമായിരുന്നു ജീപ്പുകൾ. വളരെ കുറച്ചുപേരെ അന്ന് തൊടുപുഴയിൽനിന്ന് ഹൈേറഞ്ചിലേക്ക് ജീപ്പുമായി പേകാറുള്ളൂ. അതി സാഹസികമാണ് യാത്ര. ഇരുപതാം വയസ്സിൽ ഡ്രൈവിങ് പഠിച്ചെങ്കിലും അഞ്ചുവർഷം കൂടി കഴിഞ്ഞാണ് ലൈസൻസ് കിട്ടുന്നത്. വൈകാതെ ഡ്രൈവർ കുപ്പായമിട്ടു. തൊടുപുഴ സ്റ്റാൻഡിൽനിന്ന് ഹൈേറഞ്ചിലേക്കായിരുന്നു ഒാട്ടമെല്ലാം. ജനവാസം തന്നെ പലമേഖലകകളിലും കുറവായിരുന്നു. വനത്തിലൂടെയാണ് കൂടുതൽ യാത്രയും. കല്ലും മണ്ണും നിറഞ്ഞ പാതകളെ അന്ന് ഉണ്ടായിരുന്നുള്ളൂ. രാവും പകലുമൊക്കെ ഹൈറേഞ്ചിലേക്ക് ജീപ്പോടിച്ചിട്ടുണ്ട്. യാത്ര സൗകര്യം കുറവായതിനാൽ വഴിനീളെ ആളുകൾ കൈനീട്ടും. 20പേരെവെച്ച് വരെ ഹൈറേഞ്ചിലെ മലമുകളിൽ വരെ കയറിയതായി പാപ്പച്ചൻ പറയുന്നു.
വന്യമൃഗങ്ങളും മണ്ണിടിച്ചിലും ഭയന്ന് തിരിച്ചുവരാൻ കഴിയാതെ പലതവണ രാത്രിയിൽ ജീപ്പിൽ തന്നെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഒരിക്കൽ പലചരക്ക് സാധനങ്ങളുമായി പോകുേമ്പാൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു. വെട്ടിച്ചുപോകാൻ ശ്രമിച്ചെങ്കിലും ജീപ്പിെൻറ പിന്നിലെ പടുതയിൽ ആന പിടുത്തമിട്ടു. നിർത്താതെ ജീപ്പ് പായിച്ചു. പടുത ആനയെടുത്തെങ്കിലും ജീവൻ തിരിച്ചുകിട്ടിയെന്ന് പറയുേമ്പാൾ വാക്കുകളിൽ ഇപ്പോഴും ആ ആവേശം.
പഴയ തെരഞ്ഞെടുപ്പ് കാലങ്ങളിൽ നേതാക്കന്മാരുടെ പ്രിയ സാരഥി കൂടിയായിരുന്നു പാപ്പച്ചൻ. പി.സി. ചാക്കോ, പി.ജെ. കുര്യൻ, പി.ടി. തോമസ്, പി.ജെ. ജോസഫ് എന്നിവർക്കൊക്കെ വേണ്ടി ഓടിയിട്ടുണ്ട്.
ആദ്യകാലത്ത് ഒരുലിറ്റർ ഡീസലിന് 80 പൈസയായിരുന്നു. ഹൈറേഞ്ചിലേക്ക് ഓട്ടംപോയി തിരിച്ചുവരുേമ്പാൾ 70രൂപ കിട്ടും. 30 വർഷം മുമ്പാണ് പാപ്പച്ചൻ ജീപ്പ് സ്വന്തമാക്കുന്നത്. ഇന്നും ഹൈറേഞ്ചിലെ പല കവലകളിലും പാപ്പച്ചെൻറ പഴയ പരിചയക്കാരുണ്ട്.
പുതിയ കുട്ടികൾ കുറച്ചുകൂടി ഡ്രൈവിങ്ങിൽ ശ്രദ്ധകാണിക്കണമെന്നാണ് പാപ്പച്ചന് പറയാനുള്ളത്. ഇത്രനാൾ വണ്ടി ഓടിച്ചിട്ടും വലിയ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അഭിമാനത്തോടെ പാപ്പച്ചൻ പറയുന്നു.
ടാക്സി ഓട്ടം നിർത്തിയെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഇപ്പോഴും തെൻറ ജീപ്പുമായി വിളിപ്പുറത്ത് ഉണ്ടാകും ഒളമറ്റംകാരുടെ പ്രിയങ്കരനായ പാപ്പച്ചന് ചേട്ടന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.