തൊടുപുഴ: നിയോജകമണ്ഡലത്തിൽ വൈദ്യുതി വിതരണം സുഗമമാക്കാൻ 220 കെ.വി സബ് സ്റ്റേഷൻ വരുന്നു.മണ്ഡല പരിധിയിൽ ഉൾപ്പെടുന്ന തൊടുപുഴ ടൗണിലും പരിസര പഞ്ചായത്തുകളിലും തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുക, വോൾട്ടേജ് ക്ഷാമം പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 81 കോടി ചെലവിലാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക സാധ്യത റിപ്പോർട്ട് തയാറായി വരുന്നു.
ജില്ലയിൽ പള്ളിവാസലിലാണ് നിലവിൽ 220 കെ.വി സബ് സ്റ്റേഷനുള്ളത്. ഇത് ഉൽപാദന കേന്ദ്രത്തിൽനിന്ന് വൈദ്യുതി പുറത്തേക്ക് കൊണ്ടുപോകാനുള്ളതാണ്. എന്നാൽ, തൊടുപുഴയിലെ നിർദിഷ്ട സബ് സ്റ്റേഷൻ പൊതുജനങ്ങൾക്ക് വൈദ്യുതി എത്തിക്കാനും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യ 220 കെ.വി സബ് സ്റ്റേഷൻ കൂടിയാകും ഇത്. കെ.എസ്.ഇ.ബിയുടെ ട്രാൻസ്മിഷൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിർമാണ വിഭാഗമായ കളമശ്ശേരി ട്രാൻസ്ഗ്രിഡാണ് പദ്ധതിയുടെ സാങ്കേതിക റിപ്പോർട്ട് തയാറാക്കുന്നത്. 220/110 കെ.വിയുടെ രണ്ട് 100 എം.വി.എ ട്രാൻസ്ഫോർമറും 110/33 കെ.വിയുടെ രണ്ട് 16 എം.വി.എ ട്രാൻസ്ഫോർമറും മൂന്ന് 33 കെ.വി സബ് സ്റ്റേഷനും ഉൾപ്പെടെയാണ് പദ്ധതിക്ക് 81 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്.
നിലവിൽ മൂലമറ്റം -കൂത്താട്ടുകുളം ലൈനിൽനിന്നാണ് തൊടുപുഴ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കൊണ്ടുവരുന്നത്. ഈ ലൈനിലെ ചെറിയ തകരാറുപോലും തൊടുപുഴയിലെ വൈദ്യുതി വിതരണത്തെ ബാധിക്കുന്ന അവസ്ഥയാണ്.66 കെ.വിയിൽനിന്ന് വിതരണം 220 കെ.വിയിലേക്ക് മാറുമ്പോൾതന്നെ പ്രസരണനഷ്ടം ഗണ്യമായി കുറയുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
220 കെ.വി ലൈനുകളിൽ വൈദ്യുതി തടസ്സം പൊതുവെ കുറവാണ്. തൊടുപുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ അനുഭവിക്കുന്ന വോൾട്ടേജ് ക്ഷാമത്തിനും പുതിയ സബ് സ്റ്റേഷൻ പരിഹാരമാകും. കല്ലൂർക്കാട്, വണ്ണപ്പുറം, മുട്ടം സബ് സ്റ്റേഷനുകൾക്ക് പുതിയ സബ് സ്റ്റേഷന്റെ വരവ് ഗുണംചെയ്യും. ഭാവിയിൽ എത്ര ലോഡ് വൈദ്യുതിക്ക് വേണമെങ്കിലും 220 കെ.വി സബ് സ്റ്റേഷൻ ഉപയോഗപ്പെടുത്താമെന്നതും നേട്ടമാണ്.
അഞ്ചിരി പ്രദേശത്തെ നാലേക്കറോളം സ്ഥലമാണ് പുതിയ 220 കെ.വി സബ്സ്റ്റേഷനു വേണ്ടി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. നിലവിലെ ഇടുക്കി-കോതമംഗലം ലൈനിന് കീഴിലുള്ള സ്ഥലമാണ് പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കം നടപടികൾ പൂർത്തിയായാൽ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
നിർദിഷ്ട 220 കെ.വി സബ് സ്റ്റേഷന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ കോലാനി, മുതലക്കോടം, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ പവർ ഇവാക്വേഷന് വേണ്ടി 33 കെ.വി സബ് സ്റ്റേഷനുകൾ നിർമിക്കും. ഭൂഗർഭ കേബിളുകൾ വഴിയാകും ഇവിടേക്ക് വൈദ്യുതി എത്തിക്കുക. നിലവിലെ 66 കെ.വി സബ് സ്റ്റേഷൻ നിലനിർത്തി പുതിയ 33 കെ.വി സബ് സ്റ്റേഷനുകളെ പരസ്പരം ഉപയോഗപ്പെടുത്തുക എന്ന രീതിയിലാണ് പദ്ധതി വിഭാനം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.