തൊടുപുഴ: കാര്‍ബണ്‍ പുറന്തള്ളാത്ത അംഗൻവാടികള്‍ (സീറോ കാര്‍ബണ്‍) എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ അംഗൻവാടികളിൽ പുകയില്ലാത്ത അടുക്കളകളൊരുങ്ങുന്നു.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിനിന്റെ ഭാഗമായാണ് അംഗന് ജ്യോതി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും വെള്ളിയാഴ്ച രാവിലെ 9.30 ന് ഇരട്ടയാറില്‍ എം.എം.മണി എം.എല്‍.എ നിര്‍വഹിക്കും.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷത വഹിക്കും.34 അംഗൻവാടികള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യും. യോഗത്തില്‍ ജില്ലയിലെ മികച്ച മാതൃകാ ഹരിതകര്‍മ സേനയെ ആദരിക്കും. അംഗൻവാടികളിലെ പാചക ഉപകരണങ്ങള്‍ സൗരോർജ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റി അതുവഴി ഊര്‍ജസംരക്ഷണവും കാര്‍ബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കലും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് അംഗന് ജ്യോതി.
സംസ്ഥാനസര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗൻവാടികള്‍ക്കാണ് സൗരോർജ പാചക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വനിതാസാംസ്കാരിക നിലയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, സ്ഥിരം സമിതി അധ്യക്ഷർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.