തൊടുപുഴ: മഴക്കാലമെന്ന് കേട്ടാൽ കാർമേഘം ഉരുണ്ടുകയറുന്നത് പോലെയാണ് ഇടുക്കിക്കാരുടെ ഉള്ളിൽ ഭീതിയും ഉടലെടുക്കുന്നത്. മഹാപ്രളയങ്ങൾ, പെട്ടിമുടി, കൊക്കയാർ, കുടയത്തൂർ ഉരുൾപൊട്ടലുകൾ ഇവയൊക്കെ ഇടുക്കിക്കാരുടെ ഓർമയിൽ മായാതെയുണ്ട്. ഈ വേളയിലെല്ലാം രക്ഷാമുഖത്ത് ഓടിയെത്തുന്ന ഒരു കൂട്ടരുണ്ട്. മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഏത് പ്രകൃതിക്ഷോഭമായാലും ജീവൻ പണയംവെച്ച് ദുരന്തമുഖത്ത് ഓടിയെത്തുന്ന അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരാണവർ.
പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലുമെല്ലാം അകപ്പെടുമ്പാഴും ഉയിർത്തെഴുന്നേറ്റുവരുന്ന ഇടുക്കിയുടെ അതിജീവനത്തിൽ അഗ്നിരക്ഷാസേനയുടെ പങ്കും ഏറെ വലുതാണ്. എന്നാൽ, പലപ്പോഴും ഇവർക്ക് വേണ്ട സൗകര്യങ്ങളുടെ അഭാവം സേനയുടെ സുഗമമായ പോക്കിന് തടസ്സമുണ്ടാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ജീവനക്കാരുടെ കുറവുമെല്ലാം പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പരിമിത സൗകര്യങ്ങളോടെ ഈ കാലവർഷവും തള്ളിനീക്കേണ്ട ഗതികേടിലാണ് ജില്ലയിലെ അഗ്നിരക്ഷാസേന. ഇവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണമാണിവിടെ.
അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ ജീവനക്കാരുടെ കുറവും സേനയെ വലക്കുന്നുണ്ട്. ജില്ലയിൽ സേനയുടെ അംഗബലം മുന്നൂറിൽ താഴെയാണ്. 40 ഫയർ ഓഫിസർമാരെങ്കിലും വേണമെന്നാണ് കണക്ക്. എന്നാൽ, അതിനനുസരിച്ചുള്ള ഓഫിസർമാരില്ല. ട്രെയിനിങ്ങും വിരമിക്കലുമായി പലരും പോയതിനാലും ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഡ്രൈവർമാരുടെ കുറവും പ്രയാസം സൃഷ്ടിക്കുന്നു.
പുതിയ വാഹനങ്ങൾ എത്തുന്നുണ്ടെങ്കിലും അതിനനുസരിച്ച് ഡ്രൈവർമാരുടെ തസ്തികയില്ല. പല സ്റ്റേഷനിലും രണ്ടും മൂന്നും ചെറുതും വലുതുമായ വാഹനങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ പത്ത് പേരെങ്കിലും ഡ്രൈവർമാരായി സ്റ്റേഷനിൽ വേണ്ടതുണ്ട്. അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ ജീവനക്കാരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവിടെ തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്. അടിമാലിപോലുള്ള സ്ഥലങ്ങളിൽ മഴക്കാലമാകുന്നതോടെ അപകടങ്ങളും മണ്ണിടിച്ചിലുമൊക്കെ നിത്യസംഭവമാണ്. അടിയന്തരമായി ഇവിടെ ജീവനക്കാരുടെ കുറവ് പരിഹരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയടക്കം 52 ഗ്രാമപഞ്ചായത്തുകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, രണ്ട് നഗരസഭകൾ. എത്തിപ്പെടാൻപോലും ആകാത്ത നിരവധി ഇടങ്ങളുള്ള ഇടുക്കിയിൽ അഗ്നിരക്ഷാസേനക്കുള്ളത് ഇടുക്കി, കട്ടപ്പന, മൂലമറ്റം, മൂന്നാർ, പീരുമേട്, തൊടുപുഴ, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ ആകെ എട്ട് സ്റ്റേഷൻ മാത്രമാണ്. ഇതിൽ അടിമാലിയും നെടുങ്കണ്ടവും മിനി സ്റ്റേഷനുകളാണ്. ജില്ലയിൽ നാലിടത്ത് പുതിയ സ്റ്റേഷനുകൾ വേണമെന്ന് രണ്ടുവർഷം മുമ്പ് വകുപ്പുതലത്തിൽ ആവശ്യമുന്നയിച്ചിരുന്നു.
വിനോദസഞ്ചാര മേഖലയായ കുമളി, വാഗമൺ എന്നിവിടങ്ങളിലും മലയോര തോട്ടം മേഖലകളായ രാജാക്കാട്, വണ്ണപ്പുറം എന്നിവിടങ്ങളിലും സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പലപ്പോഴും ഇവിടങ്ങളിൽ അപകടമോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാൽ മറ്റ് സ്റ്റേഷനുകളിൽനിന്ന് ഇവിടേക്കെത്തുമ്പോൾ ഏറെ സമയം പിന്നിട്ടിരിക്കും. കുമളി കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം പണ്ടുമുതലേ ഉണ്ട്.
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ രാജാക്കാട് മേഖലയില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ യൂനിറ്റിന്റെ അഭാവം തിരിച്ചടിയാണ്. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ബൈസണ്‍വാലി, കൊന്നത്തടി മേഖലകളില്‍ എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ 30 കിലോമീറ്ററിലധികം അകലെയുള്ള അടിമാലി, നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും നാശനഷ്ടങ്ങളുടെ തോത് ഉയരുന്നത് പതിവാണ്. വലിയ ജനവാസമുള്ള മേഖലയാണ് വണ്ണപ്പുറം പഞ്ചായത്ത്. തൊടുപുഴയിൽനിന്ന് വേണം ഫയർഫോഴ്സിന് ഇവിടേക്ക് എത്താൻ. അപ്പോഴേക്കും അപകടം നടന്ന് ഏറെ സമയം പിന്നിട്ടിരിക്കും.\
മൂന്നാർ, നെടുങ്കണ്ടം, മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ സേനക്ക് സ്വന്തമായി കെട്ടിടങ്ങളില്ല. അതുകൊണ്ടുതന്നെ ഏറെ അസൗകര്യങ്ങളാണ് ഇവർ നേരിടുന്നത്. ജീവനക്കാർക്ക് ജോലി ചെയ്യാനും വിശ്രമിക്കാനും സൗകര്യമില്ല. പലപ്പോഴും ശ്രമകരമായ ജോലികൾ പൂർത്തിയാക്കിയാകും ഇവർ അപകട സ്ഥലത്തുനിന്ന് സ്റ്റേഷനിലെത്തുക. അവിടെയാകട്ടെ ഇരിക്കാൻപോലും സൗകര്യമില്ല. അടിമാലി, തൊടുപുഴ സ്റ്റേഷനുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കെട്ടിടമടക്കം സൗകര്യങ്ങൾ ചെയ്ത് കൊടുത്തിരിക്കുന്നത്. പലർക്കും സ്ഥലമടക്കം അനുവദിച്ച് കിട്ടിയിട്ടും തുടർ നടപടികൾ വൈകുന്നതാണ് സ്വന്തം കെട്ടിടത്തിലേക്ക് എത്താൻ കഴിയാത്തതിന് കാരണം.
അണക്കെട്ടുകളിലും പുഴകളിലുമുള്ള അപകടങ്ങളും ജില്ലയിൽ കൂടുതലാണ്. അതേസമയം, ആഴമുള്ള ഇടങ്ങളിൽ ഇറങ്ങാനുള്ള സ്കൂബ ടീം തൊടുപുഴയിൽ മാത്രമാണുള്ളത്. അത്യാധുനിക ഉപകരണങ്ങളുണ്ടെങ്കിലും അവ സൂക്ഷിക്കാനോ ജീവനക്കാർക്ക് പരിശീലനം നടത്താനോ സൗകര്യങ്ങളില്ല. അപകടം നടന്നാൽ പലയിടത്തുനിന്ന് മുങ്ങൽ വിദഗ്ധരെ വിളിച്ചുകൂട്ടി കൊണ്ടുപോകേണ്ട സ്ഥിതിയാണ്. എല്ലാ സ്റ്റേഷനിലും സ്കൂബ സെറ്റുകളുണ്ടെങ്കിലും ഉപയോഗിക്കാൻ അറിയാവുന്നവരില്ല. സ്കൂബ ടീമിന്റെ സിലിണ്ടർ നിറക്കാനുള്ള സൗകര്യം ഇടുക്കിയിൽ മാത്രമാണ് ഉള്ളത്.
അല്ലെങ്കിൽ കോതമംഗലത്ത് കൊണ്ടുപോയി നിറക്കണം. ഓരോ നിലയത്തിലും സ്കൂബ ടീമിൽ അഞ്ച് പേരെങ്കിലും ഉണ്ടെങ്കിലേ അപകടം നടന്ന സ്ഥലത്ത് ഉടൻ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ. പരിമിതികളിലും ഓടിയെത്തുന്ന സേനയുടെ ശക്തി കൂടുതൽ വർധിപ്പിക്കണമെങ്കിൽ അവർക്ക് വേണ്ടത്ര സൗകര്യങ്ങൾ കൂടി ഒരുക്കിക്കൊടുക്കണം. ദുരന്തമുണ്ടായാൽ എന്ത് എന്ന് ചിന്തിക്കുന്നതിനുമപ്പുറം അതിനെ അതിജീവിക്കാനുള്ള മാർഗങ്ങളാണുണ്ടാക്കേണ്ടത്. ഇതിന് ആദ്യം കണ്ണുതുറക്കേണ്ടത് അധികൃതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.