തൊടുപുഴ: കുടിശ്ശിക തീർക്കാത്തവരുടെ ശുദ്ധജല കണക്‌ഷനുകൾ വിച്ഛേദിക്കുന്ന നടപടി ജലഅതോറിറ്റി ഊർജിതമാക്കി. 500ന് മുകളിൽ ബിൽ കുടിശ്ശികയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ശുദ്ധജല കണക്‌ഷനുകൾ വിച്ഛേദിക്കാനാണ് നിർദേശം. ഇപ്പോൾ 2000ന് മുകളിൽ കുടിശ്ശികയുള്ളവരുടെ കണക്ഷൻ വിച്ഛേദിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ജലഅതോറിറ്റി തൊടുപുഴ സബ് ഡിവിഷന് കീഴിൽ മാത്രം ബിൽ കുടിശ്ശിക 2000ന് മുകളിലുള്ള 1911 ഗാർഹിക, ഗാർഹികേതര കണക്‌ഷനുകൾ ഉണ്ടെന്ന് ജലഅതോറിറ്റി അധികൃതർ പറഞ്ഞു.
14 പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് തൊടുപുഴ സബ് ഡിവിഷൻ. വലിയ കുടിശ്ശികയുള്ളതിലേറെയും സർക്കാർ ഓഫിസുകളാണ്. 50,000ന് മുകളിൽ കുടിശ്ശികയുള്ള 13 സർക്കാർ സ്ഥാപനങ്ങളാണ് തൊടുപുഴ മേഖലയിലുള്ളത്. ആശുപത്രികൾ ഒഴികെ സർക്കാർ മേഖലയിലെ കണക്ഷനുകളും കുടിശ്ശിക ഉണ്ടെങ്കിൽ വിച്ഛേദിക്കാനാണ് നിർദേശം. ജലഅതോറിറ്റി പീരുമേട്, പൈനാവ് സബ് ഡിവിഷനു കീഴിലും കുടിശ്ശിക തീർക്കാത്തവരുടെ ശുദ്ധജല കണക്‌ഷനുകൾ വിച്ഛേദിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
കുടിശ്ശിക അടക്കണമെന്ന് മുമ്പ് പലതവണ ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉദ്ദേശിച്ച വരുമാനം ലഭിച്ചില്ല. കോവിഡ് പശ്ചാത്തലത്തിൽ രണ്ടു വർഷത്തോളം കണക്‌ഷനുകൾ വിച്ഛേദിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജല അതോറിറ്റി ഇപ്പോൾ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വേനൽ കടുത്തുതുടങ്ങിയ സമയത്തെ നടപടി കൂടുതൽ ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിൽ തന്നെ കണക്‌ഷൻ വിച്ഛേദിക്കുന്ന തീയതി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ തുടർന്നുള്ള അറിയിപ്പ് ഉണ്ടാകില്ല.
പ്രവർത്തനരഹിതമായ മീറ്റർ ഉപയോഗിച്ച് വെള്ളം എടുക്കുന്നവരുടെ കണക്‌ഷൻ കുടിശ്ശിക ഇല്ലെങ്കിൽ പോലും വിച്ഛേദിക്കും. ഇത്തരത്തിൽ 723 കണക്‌ഷനുകൾ തൊടുപുഴ സബ് ഡിവിഷന് കീഴിൽ ഉള്ളതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മീറ്റർ കേടുവന്നവർ ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ട് ഇതു മാറ്റിസ്ഥാപിക്കണം. കുടിശ്ശികയുള്ളവർ എത്രയും വേഗം അത് അടച്ചുതീർക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.