തൊടുപുഴ: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ഇടുക്കി മെഡിക്കൽ കോളജിൽ നടക്കും. ഈ മാസം ഏഴുവരെയാണ് മുലയൂട്ടൽ വാരാചരണം. ‘മുലയൂട്ടലിനുള്ള പിന്തുണ എല്ലാവർക്കും നൽകാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് മുലയൂട്ടൽ.
കുഞ്ഞിനുള്ള ഗുണങ്ങൾ
കുഞ്ഞിന്റെ വളർച്ചക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കുന്നതുകൊണ്ട് ഗ്യാസ്ട്രബിൾ, മലബന്ധം എന്നിവ കുറയുന്നു.
അണുബാധ,വയറിളക്കം, ശ്വാസകോശ രോഗങ്ങൾ അലർജി എന്നിവയിൽനിന്നും സംരക്ഷിക്കുന്ന ആന്റിബോഡികൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. ശരീരോഷ്മാവ് നിലനിർത്താനും നിർജലീകരണം തടയാനും സഹായിക്കുന്നു.
അമ്മക്കുള്ള ഗുണങ്ങൾ
ശരീരത്തിലെ കലോറിയുടെ അളവ് നിയന്ത്രിച്ച് തൂക്കം കുറക്കുന്നതിന് സഹായിക്കുന്നു. സ്ഥാനാർബുദത്തിനുള്ള സാധ്യത കുറക്കുന്നു. മുലയൂട്ടൽ ഓക്സിടോസിന്റെ അളവ് കൂട്ടുന്നതിനാൽ ഗർഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിന് സഹായിക്കുകയും പ്രസവത്തിന് ശേഷമുള്ള രക്തസ്രാവം കുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അമ്മയും കുഞ്ഞും തമ്മിലെ ബന്ധം ദൃഢമാകുന്നു.
മുലപ്പാലിലെ പോഷകങ്ങൾ
നവജാത ശിശുക്കളുടെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനമായ പങ്കുവഹിക്കുന്നത് മുലപ്പാലാണ്. ഒരു കുഞ്ഞിന്റെ വളർച്ചക്ക് ആവശ്യമായ മുഴുവൻ പോഷക ഗുണങ്ങളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നതുകൊണ്ട് ജനിച്ച് ആറുമാസംവരെ കുട്ടിക്ക് മറ്റൊരു ഭക്ഷണവും നൽകേണ്ടതില്ല.
മുലപ്പാലിൽ അടങ്ങിയ ലിപേസ് എന്ന എൻസൈം കുഞ്ഞിന് ആവശ്യമായ ഊർജം നൽകുന്നു. കുഞ്ഞിന്റെ വളർച്ചക്ക് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ്, അയൺ തുടങ്ങിയ പോഷകങ്ങളും മുലപ്പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
കൊളസ്ട്രം-പ്രസവിച്ചയുടനെ ഊറിവരുന്ന ഇളം മഞ്ഞനിറത്തിലുള്ള പാലാണ് കൊളസ്ട്രം. പോഷകങ്ങളാലും ആൻറി ബോഡികളാലും സമൃദ്ധമായ കൊളസ്ട്രം കുഞ്ഞിനെ അണുബാധയിൽനിന്ന് സംരക്ഷിക്കാനും കുഞ്ഞിന്റെ ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുന്നു. കുഞ്ഞ് ജനിച്ച ശേഷം എത്രയും പെട്ടെന്ന് മുലയൂട്ടൽ തുടങ്ങണം. ആദ്യ ആറുമാസത്തിൽ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുത്താൽ മതി.
ആറുമാസത്തിനുശേഷം മുലപ്പാലിനൊപ്പം അർധഖര രൂപത്തിലുള്ള ഭക്ഷണം കൊടുത്തുതുടങ്ങാം. ചുരുങ്ങിയത് രണ്ട് വയസ്സ് വരെയെങ്കിലും മുലയൂട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.