മൂലമറ്റം: കലുങ്ക് നിർമാണത്തിലെ അപാകതമൂലം മൈലാടിയിൽ അപകടം തുടർക്കഥയാവുന്നതായി പരാതി. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ അറക്കുളം മൈലാടിയിലാണ് സംഭവം. ഇടുക്കി പദ്ധതിയുടെ ആവശ്യത്തിനു നിർമിച്ച അറക്കുളം-ഇടുക്കി റോഡിൽ പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച കലുങ്കുകളും റോഡുമാണ് ഉള്ളത്. ഈ കലുങ്കുകൾ പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കൂടാതെ റോഡിനു വീതി കൂടിയതനുസരിച്ച് പുനഃക്രമീകരിക്കാതിരുന്നതിനാൽ കലുങ്കുകൾക്ക് ആവശ്യമായ വീതിയുമില്ല.
മുമ്പും ഇവിടെ നിരവധി അപകടം ഉണ്ടായിട്ടുണ്ട്. വളവുകൂടി ആയതുകൊണ്ട് എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഹൈറേഞ്ചിൽനിന്ന് വന്ന ബസ് സൈഡ് കൊടുക്കവെ കട്ടിങ്ങിൽ ഇടിച്ച് അപകടം ഉണ്ടായി. ടാങ്കർ ലോറി പകുതി റോഡിലും കലുങ്കിലുമായി കിടന്നു. കഴിഞ്ഞ വർഷം ബൊലേറോ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഏതാനും ആഴ്ചകൾക്കു മുമ്പ് രണ്ട് വാഹനം കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കലുങ്കിന്റെ കൈവരി കെട്ടാൻ തീരുമാനിച്ചത്. കൈവരി പണിതപ്പോൾ കലുങ്കിന്റെ വീതിയും കുറഞ്ഞു. ഇതേക്കുറിച്ച് വാർത്തകൾ വരുകയും വീതികൂട്ടി പണിയണമെന്ന് ആവശ്യമുയരുകയും ഉണ്ടായെങ്കിലും നടപടിയായില്ല. അന്തർ സംസ്ഥാന തൊഴിലാളികളെയാണ് അന്ന് പണിയേൽപിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് വരാതെയാണ് പണികൾ നടത്തിയത്.
ഈ കലുങ്കിലാണ് രാവിലെ തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കു പോയ ബസ് ഇടുക്കി ഭാഗത്തുനിന്ന് തൊടുപുഴ ഭാഗത്തേക്ക് പോയ ലോറിയുമായി ഉരസുകയും ബസിന്റെ ഇടത് വശം കലുങ്കിൽ തട്ടി തകരുകയും ചെയ്തത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് സഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.