തൊടുപുഴ: കോവിഡ് പ്രതിരോധ വാക്സിെൻറ കരുതൽ ഡോസ് വിതരണത്തിന് (ബൂസ്റ്റർ ഡോസ്) ഒച്ചിഴയും വേഗം. 60 വയസ്സ് പിന്നിട്ടവർക്ക് വാക്സിൻ സൗജന്യമായി ലഭിച്ചിട്ടുപോലും ജില്ലയിൽ 21 ശതമാനം പേർ മാത്രമാണ് സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ എന്നിവരുടെ കരുതൽ ഡോസ് വിതരണവും മന്ദഗതിയിലാണ്.
18 വയസ്സ് പിന്നിട്ടവർ പണം നൽകി സ്വകാര്യ സെന്‍ററുകളിൽനിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന തീരുമാനത്തെ തുടർന്ന് ഇവരും താൽപര്യം കാണിക്കുന്നില്ല. നിലവിൽ 60 വയസ്സ് പിന്നിട്ടവരും കോവിഡ് മുൻനിര പോരാളികളും ആരോഗ്യ പ്രവർത്തകരും മാത്രമാണ് സൗജന്യ വാക്സിന് അർഹതയുള്ളത്. ഇവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. എന്നാൽ, 18-59 വിഭാഗക്കാർക്ക് ബൂസ്റ്റർ ഡോസിന് ആശ്രയം സ്വകാര്യ മേഖല മാത്രമാണ്.
ജില്ലയിൽ വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. ഇതു വാക്സിനേഷനെ സാരമായി ബാധിക്കുന്നുണ്ട്. വാക്സിനെടുക്കാൻ താൽപര്യമുള്ളവർ പോലും യാത്രസംബന്ധമായ ബുദ്ധിമുട്ടും ചെലവും കണക്കിലെടുത്ത് വാക്സിനേഷനോട് മുഖംതിരിക്കുകയാണ്. കോവിഡ് ഭീതി ഒഴിഞ്ഞതും ബൂസ്റ്റർ ഡോസ് തൽക്കാലം വേണ്ടെന്ന നിലപാടിലേക്ക് വലിയൊരു വിഭാഗത്തെ എത്തിച്ചിട്ടുണ്ട്.
എല്ലാ വിഭാഗക്കാർക്കും സൗജന്യമായി നൽകുമ്പോൾ വാക്സിൻ സ്വീകരിക്കാമെന്ന നിലപാടിലാണ് പലരും. കുട്ടികൾക്കിടയിൽ വൈറൽ പനി, തക്കാളിപ്പനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സിൻ വിതരണവും ഇപ്പോൾ മന്ദഗതിയിലാണ്. എന്നാൽ, ബോധവത്കരണത്തിലൂടെയും മറ്റും പരമാവധി പേരെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ശ്രമമെന്ന് ആർ.സി.എച്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. സിബി ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.