തൊടുപുഴ: അന്തർ സംസ്ഥാന തൊഴിലാളികൾ ഏർപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും സുരക്ഷ മുൻകരുതൽ നടപടികളിലും വ്യക്തി വിവരശേഖരണത്തിലും അധികൃതർക്ക് വീഴ്ച. ഇവരുടെ കൃത്യമായ വിവരം ഇപ്പോഴും പൊലീസിന്റെയോ തൊഴിൽ വകുപ്പിന്റെയോ പക്കലില്ല. തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തേണ്ടതും വിവരങ്ങൾ ശേഖരിക്കേണ്ടതും ലേബർ വകുപ്പാണെന്ന് ന്യായീകരിച്ച് തലയൂരുകയാണ് പൊലീസ്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിച്ചാലേ കാര്യമുള്ളൂവെന്നാണ് തൊഴിൽ വകുപ്പ് ന്യായം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ പതിവായി സന്ദർശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും നല്ല ബന്ധം പുലർത്താനും ഡിവൈ.എസ്.പിമാർക്കും സ്റ്റേഷൻ മേധാവികൾക്കും നിർദേശമുണ്ട്. കുറേയൊക്കെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോഴാണ് ഉൾപ്പെട്ടവരിൽ പലരുടെയും വിവരങ്ങൾ ലഭ്യമല്ലെന്ന് വ്യക്തമാകുന്നത്. ഇത് അന്വേഷണത്തെ പോലും ബാധിക്കുന്നു.
ഒന്നര പതിറ്റാണ്ട് മുമ്പാണ് ഇടുക്കിയിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വരവിന് തുടക്കം. പശ്ചിമബംഗാളിൽ നിന്നുള്ളവരുടെ വരവ് വർധിച്ചതിന് പിന്നാലെ യു.പി, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, അസം എന്നിവിടങ്ങളിൽ നിന്നു കൂടി തൊഴിലാളികൾ കൂട്ടമായെത്തി തുടങ്ങിയതോടെ മലയോര ജില്ലയും കുടിയേറ്റ തൊഴിലാളികളുടെ ഇടമായി. തോട്ടം മേഖലകളിലടക്കം ജില്ലയിലെ തൊഴിലാളി ക്ഷാമത്തിന് ഇവരുടെ വരവ് ഗുണമായെങ്കിലും കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെയും പുകയില ഉൽപന്നങ്ങളുടെയും കടത്തും വിൽപനയും ഇവരുൾപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും പെരുകി. തൊഴിലാളി ക്യാമ്പുകളിൽ പരസ്പരമുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമായിരുന്നു തുടക്കമെങ്കിൽ പിന്നീട് കവർച്ചക്കും മറ്റുമായി തൊഴിലുടമയുൾപ്പെടെയുള്ളവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിലേക്കെത്തി. ഇവർക്കിടയിലുള്ള ചിലരാണ് കൊടുംകുറ്റകൃത്യങ്ങൾക്ക് പിന്നിൽ. വൻതോതിൽ ലഹരി ലഭ്യതയും ഉപയോഗവും കൂടിയായപ്പോൾ കുറ്റകൃത്യങ്ങൾ പെരുകി.
തൊഴിലാളികൾ എന്ന വ്യാജേന മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ലക്ഷ്യമിട്ട് എത്തുന്ന ഇതര സംസ്ഥാനക്കാരുടെ പക്കൽ പലപ്പോഴും ഉണ്ടാവുക വ്യാജ തിരിച്ചറിയൽ കാർഡാണ്. കാര്യമായ പരിശോധനയില്ലാത്തതിനാൽ ഇത്തരക്കാരെ കണ്ടെത്താൻ കഴിയാറില്ല. വ്യാജ കാർഡുകൾ ഉണ്ടാക്കിക്കൊടുക്കുന്ന ഏജൻസികൾ ചില സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതായും വിവരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.