തൊടുപുഴ: പകർച്ചവ്യാധി പ്രതിരോധ നടപടികളിൽ ഏർപ്പെടേണ്ട ജില്ല വെക്ടർ കൺട്രോൾ ഓഫിസിന് വാഹനമില്ല. ജീവനക്കാരുടെ എണ്ണവും പരിമിതം. സ്വന്തം വാഹനം ഷെഡിൽ കയറിയിട്ട് ഒരുവർഷമായി. പതിനഞ്ചുവർഷം പൂർത്തിയായ സർക്കാർ വാഹനങ്ങളുടെ പെർമിറ്റ് പുതുക്കേണ്ടെന്ന കേന്ദ്ര നിയമമാണ് തിരിച്ചടിയായത്. പകരം വാഹനം നൽകാനും നടപടിയില്ല.
യൂനിറ്റിന്റെ ചുമതല വഹിക്കേണ്ട എന്റമോളജിസ്റ്റ്, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഹെൽത്ത് സൂപ്പർ വൈസർ, ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക എന്നിവയും ഒഴിഞ്ഞുകിടക്കുന്നു.
ഇതോടെ ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായി. ജില്ല മെഡിക്കൽ ഓഫിസിൽനിന്നാണ് ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന് വാഹനം അനുവദിക്കേണ്ടത്. ഇതുവരെ അതിന് നടപടിയില്ല. ജില്ലയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ പ്രതിരോധ പ്രവർത്തങ്ങൾക്ക് ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സാങ്കേതിക സഹായം നൽകുന്നതും പ്രദേശങ്ങളിൽ നേരിട്ടെത്തി പ്രതിരോധ പ്രവർത്തനം നടത്തുന്നതും വെക്ടർ കൺട്രോൾ വിഭാഗം ജീവനക്കാരാണ്.
വാഹനം ഇല്ലാതായതോടെ ജില്ലയിലെ രോഗപ്രതിരോധ ജോലികളിൽ സജീവമാകാൻ ഇവർക്ക് കഴിയുന്നില്ല. മലമ്പനി, മന്ത്, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ നാടെങ്ങും പടരുകയാണ്. തൊടുപുഴയിലെ വിവിധ പഞ്ചായത്തുകളിലും വണ്ടിപ്പെരിയാർ, അടിമാലി മേഖലയിലും ഡെങ്കിപ്പനി വ്യാപകമാണ്. മൂന്നാർ, ദേവികുളം പ്രദേശത്ത് മലമ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുറപ്പുഴയിൽ ഒരാൾക്ക് ചെള്ളുപനിയും റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പിനോട് 16 വാഹനങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും അത് കിട്ടിയാൽ മാത്രമേ ഡി.വി.സി. യൂനിറ്റിന് വാഹനം നൽകാൻ കഴിയൂ എന്നുമാണ് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.