തൊടുപുഴ: ബുധനാഴ്ച വൈകിട്ടോടെയെത്തിയ മഴയിൽ തൊടുപുഴ മേഖലയിൽ വ്യാപക നാശം. നിരവധി ഇടങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നും വൈദ്യുതി ലൈനുകൾ പൊട്ടി വീണും വ്യാപക നാശമാണ് ഉണ്ടായത്. ഇടവെട്ടി പഞ്ചായത്തിലാണ് കൂടുതൽ വീടുകൾക്ക് നാശം. മരം വീണ് വീടുകൾക്ക് ഭാഗികമായി നാശ നഷ്ടമുണ്ടാകുകയും നിരവധി വീടുകളുടെ മേൽക്കൂര തകരുകയും ചെയ്തു. ഇടവെട്ടി പാറേപ്പുരക്കൽ ഐഷ മുഹമ്മദിന്റെ വീടിന്റെ ആസ്ബറ്റോസ് മേൽക്കൂര പറന്ന് പോയി. ആശാരിക്കുന്നത് പൊങ്ങാൻ പാറയിൽ ദീലീപ് ദാസിന്റെ വീടിന്റെ മേൽക്കൂരയും കാറ്റിൽ നശിച്ചു. ശാസ്താംപാറഈന്തുങ്കൽ പാത്തുമ്മയുടെ വീടിന് മുകളിലേക്ക് മരം വീണ് ഒരു ഭാഗം തകർന്നു. ശാസ്താംപാറ പുലിമുറ്റത്ത് ജിസിന്റെയും കുമാരി വിലാസം കൃഷ്ണൻ കുട്ടിയുടെയും വീടിനും കാറ്റിൽ നാശ നഷ്ടങ്ങളുണ്ടായി.
മീൻമുട്ടി വലിയ കണ്ടത്തിൽ ഫൈസലിന്റെ വീടിന് മുകളിലേക്ക് മരം വീണു. എല്ലാ വീടുകളിലും കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് കലക്ടർ ഷീബ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി.എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ , തൊടുപുഴ തഹസിൽദാർ ബിജിമോൾ എസ്, കാരിക്കോട് വില്ലേജ് ഓഫീസർ ഷാജി എൻ.എസ്, എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.