തൊടുപുഴ: വൈദ്യുതി നിലയങ്ങളുടെയും ഉൽപാദനത്തിന്റെയും നാടായ ജില്ലയിൽനിന്ന് കെ.എസ്.ഇ.ബിക്ക് കുടിശ്ശികയിനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് 102.91 കോടി. ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ വകുപ്പുകൾ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ് ഇത്രയും തുക കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ളത്.
കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരമാണ് 102.91 കോടിയുടെ കുടിശ്ശിക. അതിന് ശേഷമുള്ള മൂന്നുമാസത്തെ കണക്കുകൂടി പരിഗണിക്കുമ്പോൾ തുക ഇനിയും ഉയരും. കുടിശ്ശികയിൽ പലതും വർഷങ്ങളുടെ പഴക്കമുള്ളതാണ്. ഗാർഹിക ഉപഭോക്താക്കളിൽനിന്ന് കുടിശ്ശിക ഈടാക്കാൻ കണക്ഷൻ വിച്ഛേദിക്കുന്നതടക്കം കടുത്ത നടപടി സ്വീകരിക്കുന്ന ബോർഡിന് പൊതുസ്ഥാപനങ്ങൾ നൽകാനുള്ള നൂറ് കോടിയിലിധകം രൂപ ഇനിയും പിരിച്ചെടുക്കാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുടിശ്ശിക വരുത്തിയവരിൽ ഗാർഹിക ഉപഭോക്താക്കളും ഉണ്ടെങ്കിലും അവരുടെ വിഹിതം വളരെ കുറവാണ്. യഥാസമയം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെതിനാൽ ഉയർന്ന നിരക്ക് സംബന്ധിച്ച് തർക്കമുള്ള കേസുകളിൽ ഒഴികെ ഈ വിഭാഗക്കാർ തുകയടച്ച് തുടർ നടപടികളിൽനിന്ന് ഒഴിവാക്കുകയാണ് പതിവ്. വിവിധ ലീഗൽ ഫോറങ്ങളിലും കോടതികളിലും കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നതാണ് സ്ഥാപനങ്ങളിൽനിന്ന് പണം ഈടാക്കാൻ തടസ്സമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം കേസുകളിൽ കോടതി തീർപ്പ് കൽപ്പിച്ചാൽ മാത്രമേ കുടിശ്ശിക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാകൂ എന്നാണ് ബോർഡിന്റെ നിലപാട്. വാട്ടർ അതോറിറ്റി പോലുള്ള സർക്കാർ വകുപ്പുകൾ വൻ തുകയാണ് വൈദ്യുതി കുടിശ്ശിക ഇനത്തിൽ ബോർഡിലേക്ക് അടക്കാനുള്ളത്. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയും സർക്കാറും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനം നീളുകയാണ്.
കേരള ജല അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കുടിശ്ശിക 4.84 കോടിയും കട്ടപ്പന ഡിവിഷന്റേത് 2.81 കോടിയുമാണ്. സമയബന്ധിതമായി പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാത്തതാണ് കുടിശ്ശികതുക ഇത്രയും ഉയരാൻ കാരണമായി പറയപ്പെടുന്നത്. വിഷയം കോടതിയിലെത്തിച്ച് വ്യവഹാരം നീട്ടിക്കൊണ്ടുപോയി കുടിശ്ശിക അടക്കാതെ രക്ഷപ്പെടുന്നവരും വൻകിടക്കാരുടെ ഇടയിലുണ്ട്. കുടിശ്ശിക പിരിവിലെ വീഴ്ചക്ക് ബോർഡിനെ അടുത്തിടെ രൂക്ഷമായി വിമർശിച്ച റെഗുലേറ്ററി കമീഷൻ, ഇത് നിശ്ശബ്ദമായി കണ്ടുനിൽക്കാനാവില്ലെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.