തൊടുപുഴ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർഥികൾ അവസാന വട്ട ഓട്ട പ്രദക്ഷിണത്തിലാണ്. തോട്ടം കാർഷിക മേഖലയിലായിരുന്നു സ്ഥാനാർഥികളുടെ പര്യടനം.
എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഞായറാഴ്ച മറയൂർ കാന്തല്ലൂർ മേഖലയലിലും യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പീരുമേട്ടിലും എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ചിന്നക്കാനാലിലും പ്രചാരണത്തിനെത്തി. പ്രചാരണം അവസാന ലാപ്പിലേക്കെത്തിയപ്പോൾ പ്രവർത്തകരും പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ കയറിയും പലരെയും നേരിൽ കണ്ടും വോട്ടഭ്യർഥിക്കുന്നുണ്ട്.
മറയൂർ: പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മറയൂർ കാന്തല്ലൂർ മേഖലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജ്ള പര്യടനം നടത്തി. കാന്തല്ലൂരിലാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ എട്ടുമണിക്ക് തുടങ്ങിയ പര്യടനം എം.എൽ.എ എ. രാജ ഉദ്ഘാടനം ചെയ്തു.
കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.എം ഏരിയാ കമ്മറ്റി അംഗം എ.എസ്. ശ്രീനിവാസൻ കെ.വി ശശി, ടി.എസ്. ഗോവിന്ദരാജ് തുടങ്ങിയ എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു. കീഴാന്തൂർ പയസ്നഗർ ചുരാക്കുള. കോവിൽ കടവ് പര്യടനം നടത്തി. മറയൂർ ടൗണിൽ ചെണ്ടമേള താളത്തോടെ കണിക്കൊന്ന പൂക്കൾ വിതറി ജോയ്സ് ജോർജിനെ അനുഭാവികൾ സ്വീകരിച്ചു.
ഇടുക്കി ജില്ല ഉൾപ്പെടെയുള്ള ജനവാസ മേഖല വനാതിർത്തിയോട് ചേർന്നുകിടക്കുമ്പോൾ വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടി ജീവിക്കുന്ന ജനങ്ങൾക്കു കോൺഗ്രസ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിരിക്കുന്ന വനവിസ്തൃതി കൂടുതൽ തിരിച്ചടിയാകുമെന്നും ജനങ്ങൾ ചിന്തിക്കണം അതിനനുസരിച്ചുള്ള നിലപാട് എടുക്കണമെന്നും ജോയ്സ് ജോർജ് പറഞ്ഞു.
ഇടുക്കി: ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡല പര്യടനം പൂർത്തിയായി. ഞായറാഴ്ച കുമളി, വണ്ടിപ്പെരിയാർ, പീരുമേട് ഗ്രാമ പഞ്ചായത്തുകളിലാണ് ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തിയത്. മുപ്പത്തോളം കേന്ദ്രങ്ങളിൽ പര്യടനത്തിനെത്തിയ ഡീനിനെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരടക്കം കാത്തുനിന്നു.
രാവിലെ ചോറ്റുപാറയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്താണ് പൊതു പര്യടനത്തിന് തുടക്കമായത്. ആന്റണി ആലഞ്ചേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി കല്ലാർ, സിറിയക് തോമസ്, റോബിൻ കാരക്കാട്ട്, അരുൺ പൊടിപാറ, പി.ആർ.അയ്യപ്പൻ, ആൻ്റണി കുഴിക്കാട്ട്, എം.എം വർഗീസ്, പി.ടി റഹിം, പി.ടി വർഗ്ഗീസ്, കെ.ജിരാജൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഒന്നാംമൈൽ, കുമളി ടൗൺ, മുരുക്കടി, വെള്ളാരംക്കുന്ന്, ചെങ്കര, മുങ്കലാർ, തേങ്ങാക്കൽ, നാലുകണ്ടം, പശുമല എന്നിവിടങ്ങളിൽ ഡീൻ പ്രചാരണം നടത്തി.ഉച്ചക്ക് ശേഷം വണ്ടിപ്പെരിയാർ, വാളാർഡി എസ്റ്റേറ്റ്, വള്ളക്കടവ്, മൗണ്ട്, അരണക്കല്ല്, ഗ്രാമ്പി, കല്ലാർ എന്നിവിടങ്ങളിലായിരുന്നു പര്യടനം.
വൈകീട്ട് പാമ്പനാർ, കരടിക്കുഴി, പുതുലയം, കൊടുവ, എൽ.എം.എസ് എന്നി പ്രദേശങ്ങളിൽ എത്തി വുഡ്ലാന്റിൽ പ്രചരണം സമാപിച്ചു. ഡീൻ കുര്യാക്കോസ് തിങ്കളാഴ്ച ദേവികുളം നിയോജക മണ്ഡലത്തിൽ അവസാന വട്ട പ്രചരണം നടത്തും.
അടിമാലി, വെള്ളതൂവൽ പഞ്ചായത്തുകളിൽ നടത്തുന്ന പ്രചരണത്തിന്റെ ഉദ്ഘാടനം രാവിലെ പഴംമ്പിള്ളിച്ചാലിൽ കെ.പി.സി.സി നിർവഹക സമിതി അംഗം എ.പി ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അടിമാലി ടൗണിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യും.
മുട്ടുകാട്: എൻ.ഡി.എ ഇടുക്കിയിൽ വിജയിച്ചാൽ ഇടുക്കിയിലെ ജനങ്ങളുടെ കാര്യങ്ങൾ നടത്തിത്തരും എന്നും മറിച്ചാണെങ്കിൽ ഇനിയും ഇടുക്കിക്കാർ കാര്യം നടക്കാൻ നടന്നു മടുക്കുമെന്നും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ.
ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ടുകാടിൽ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. സംഗീത വിശ്വനാഥിന്റെ സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ദേവികുളം മണ്ഡലം പ്രസിഡന്റ് വി.ആർ. അളഗരാജ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ജില്ല സെൽ കോഓഡിനേറ്റർ സോജൻ ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് പി.എ. ജോഷി, ബി.ഡി.ജെ.എസ് ജില്ല ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ, മമണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടക്കല്ലേൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പാർത്ഥേശൻ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.