തൊടുപുഴ: ‘ഹൃദ്യം’ പദ്ധതിപ്രകാരം പുതുജീവിതത്തിലേക്ക് നടന്നുകയറിയത് 1206 കുട്ടികൾ. ഹൃദയരോഗവുമായി ജനിക്കുന്ന കുട്ടികൾക്കുള്ള സംസ്ഥാന സർക്കാറിന്റെ സൗജന്യ ചികിത്സ പദ്ധതിയായ ‘ഹൃദ്യ’ത്തിലൂടെയാണ് ജില്ലയിൽ ഈ കുരുന്നുകൾ പുതുജീവിതത്തിലേക്ക് പിച്ചവെച്ചത്. ഇതിൽ 214 പേർക്കാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമാണ് ശസ്ത്രക്രിയ നിർദേശിക്കുന്നത്. ശസ്ത്രക്രിയയില്ലാതെ തുടർപരിശോധനകളിലൂടെ ഭേദപ്പെട്ടവരും ഉൾപ്പെടെയാണ് 1206 പേർ. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ‘ഹൃദ്യ’ത്തിലൂടെ സൗജന്യ ചികിത്സ ലഭിക്കും.
2018 ജൂണിൽ കുമാരമംഗലം സ്വദേശിയായ കുട്ടിക്കായിരുന്നു ജില്ലയിലെ ആദ്യ ശസ്ത്രക്രിയ. 1.20 ലക്ഷം രൂപയാണ് ചെലവായത്. ‘ഹൃദ്യ’ത്തിലൂടെ നടത്തുന്ന ശസ്ത്രക്രിയകൾക്ക് പരമാവധി 1.70 ലക്ഷം രൂപയാണ് സർക്കാർ ആശുപത്രികൾക്ക് നൽകുന്നത്. 2017 അവസാനമാണ് ജില്ലയിൽ ‘ഹൃദ്യം’ പദ്ധതി ആരംഭിച്ചത്. ഒരു കുഞ്ഞ് ജനിച്ചാൽ ആശുപത്രികളിലെ ‘ശലഭം’ നഴ്സുമാർ കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കും. കണ്ടെത്തിയാൽ ഡോക്ടറുടെ സേവനത്തിലൂടെ അവസ്ഥ മനസിലാക്കി ആശുപത്രിയിൽനിന്ന് തന്നെ ‘ഹൃദ്യ’ത്തിൽ രജിസ്റ്റർ ചെയ്യും.
സ്വകാര്യ ആശുപത്രികളിൽ കണ്ടെത്തുന്നതും രജിസ്റ്റർ ചെയ്യാം. ഇതോടെ ജില്ലയിലെ മാനേജർക്ക് സന്ദേശമെത്തും. രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങൾ വ്യക്തവും കൃത്യവുമാണെന്ന് പരിശോധിച്ചശേഷം പദ്ധതിയിൽ എം. പാനൽ ചെയ്തിരിക്കുന്ന ആശുപത്രികൾക്ക് റിപ്പോർട്ട്ചെയ്യും. കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെയെങ്കിലും അഭിപ്രായം സ്വീകരിച്ചശേഷമാകും തുടർചികിത്സ തീരുമാനിക്കുക. വിവരം സംസ്ഥാന നോഡൽ ഓഫിസറെയും അറിയിക്കും. ശസ്ത്രക്രിയയോ ആശുപത്രി ചികിത്സയോ കഴിഞ്ഞാൽ ആർ.ബി.എസ്.കെ നഴ്സുമാർ മാസംതോറും കുട്ടിയുടെ വീടുകളിലെത്തി തുടർപരിചരണം ഉറപ്പാക്കും. ഒരുകുട്ടിക്ക് തന്നെ ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടിവന്നാലും ‘ഹൃദ്യ’ത്തിലൂടെ സാധ്യമാണ്. വെബ്സൈറ്റ്: www.hridyam.kerala.gov.in. ഫോൺ: 04862293105, 9946102621.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.