തൊടുപുഴ: നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 കോടി രൂപയുടെ പദ്ധതിക്ക് നഗരസഭ കൗൺസിലും ഉപസമിതിയും അംഗീകാരം നൽകി.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നാഷനൽ ഹൗസിങ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 60 നഗരസഭകളിൽ ഒന്നാണ് തൊടുപുഴ നഗരസഭ.
കിഴക്കേ അറ്റത്തുള്ള പഴയ മാർക്കറ്റ് പൊളിച്ച് പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയാൻ 5.5 കോടിയും ഗാന്ധി സ്ക്വയറിന് സമീപമുള്ള പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ എട്ടുകോടിയും വെങ്ങല്ലൂർ പള്ളിക്കുറ്റി ഭാഗത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് മൂന്നുകോടിയും വകയിരുത്തും.
കൂടാതെ നഗരസഭ പാർക്കിൽനിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് തൂക്കുപാലം നിർമിക്കാൻ അഞ്ച് കോടി രൂപയും എല്ലാ വാർഡുകളിലെയും റോഡുകളും കാനകളും നവീകരിക്കാൻ 20 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകി.
ജിനദേവൻ സ്മാരക റോഡും ഉടുമ്പന്നൂർ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിർമാണത്തിന് ഒന്നരക്കോടിയും ആധുനിക അറവുശാല നിർമാണത്തിന് അഞ്ചരക്കോടി രൂപയും പൊതുശ്മശാനം നവീകരണത്തിന് ഒന്നരക്കോടിയും അനുവദിക്കാനുമുള്ള പദ്ധതി അംഗീകരിച്ചതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.