തൊടുപുഴ: വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടപടി തുടരുന്നു. വർധിച്ചുവരുന്ന ഇരുചക്രവാഹന അപകടം കുറക്കുന്നതിന്റെയും നിയമലംഘകർക്കെതിരെ നടപടി കർശനമാക്കുന്നതിന്റെയും ഭാഗമായി തൊടുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ ബുധനാഴ്ച പരിശോധന നടത്തി. നമ്പർപ്ലേറ്റുകളിൽ വ്യാപകമായി കൃത്രിമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിയമപരമല്ലാതെയും വലിപ്പം തീരെ കുറച്ചും അലങ്കാരങ്ങൾ ചെയ്തും മറച്ചുവെച്ചും നമ്പർ പ്ലേറ്റ് ഉപയോഗിക്കുക, കാമറയുടേയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ അമിതവേഗത്തിൽ വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പലയിടത്തുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരത്തിലും പരിസരങ്ങളിലും നമ്പർ പ്ലേറ്റ് തയാറാക്കിനൽകുന്ന സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നോട്ടീസ് നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്തു. കേന്ദ്ര മോട്ടോർവാഹന ചട്ടത്തിലെ നിർദേശങ്ങൾനുസരിച്ച് നിശ്ചിത മാതൃകയിലും വലുപ്പത്തിലും വ്യക്തമായി കാണത്തക്ക രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം.
ഇതിന് വിരുദ്ധമായി തയാറാക്കിയ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്ന വാഹന ഉടമകൾക്കെതിരെയും ഇത്തരത്തിൽ നമ്പർ പ്ലേറ്റ് തയാറാക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും വാഹന വ്യാപാരികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ്/ഡീലർഷിപ്പ് റദ്ദാക്കുന്നതടക്കം നടപടികളും ശിപാർശ ചെയ്യും.
ബുധനാഴ്ച നടത്തിയ പരിശോധനയിൽ വിവിധ ഇനങ്ങളിലായി 40ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയും 64,500 രൂപ പിഴചുമത്തുകയും ചെയ്തു.
പ്രധാനമായും തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളും വണ്ണപ്പുറം പഞ്ചായത്തും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.കെ. ചന്ദ്രലാൽ, കെ.വി. റെജിമോൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.കെ. ബാബു, മുരുകേഷ്, അയ്യപ്പ ജ്യോതിസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ വാഹനപരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.