തൊടുപുഴ: വൈദ്യുതി ലൈനിന് സമീപം ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത് മൂലമുള്ള ഷോക്കേറ്റ് മരണങ്ങൾ കേരളത്തിൽ കൂടിവരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 185 പേർ ഇത്തരത്തിൽ മരിക്കുകയും 127 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തതായാണ് സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്ക്. ഈ സാഹചര്യത്തിൽ വൈദ്യുതിലൈനിന് സമീപത്തെ പ്രവർത്തനങ്ങൾ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് ശക്തമായ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ഇൻസ്പെക്ടറേറ്റ്.
അഞ്ചു വർഷത്തിനിടെ ഉപഭോക്താക്കളുടെ വീട്ടിലും പരിസരത്തുമായി 738 ഷോക്കേറ്റ് മരണങ്ങളുണ്ടായി.ഈ വർഷം മാർച്ച് 31വരെയുള്ള കണക്കുപ്രകാരം ഇതിൽ 185 എണ്ണവും വൈദ്യുതി ലൈനിന് സമീപം അശ്രദ്ധമായി ഇരുമ്പുതോട്ടി ഉപയോഗിച്ചത് മൂലം സംഭവിച്ചതായിരുന്നു. ഇത്തരം 312 അപകടങ്ങളിലായാണ് ഇത്രയും പേർ മരിക്കുകയും 127പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
വീടിന്റെ പരിസരത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിന് സമീപം സ്വന്തം പുരയിടത്തിൽനിന്ന് വിവിധ കാര്യങ്ങൾക്കായി ഇരുമ്പുതോട്ടി ഉപയോഗിക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. തേങ്ങ, ചക്ക, മാങ്ങ തുടങ്ങിയ കായ്കനികൾ പറിക്കുന്നതിനാണ് പ്രധാനമായും ഈ രീതിയിൽ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത് പിതാവും മകനും വൈക്കത്ത് വർക്ഷോപ് ഉടമയും ഇരുമ്പുതോട്ട് വഴി ഷോക്കേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ഉപഭോക്താക്കളുടെ വീഴ്ചമൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് വൈദ്യുതി ബോർഡിൽനിന്ന് നഷ്ടപരിഹാരം ലഭിക്കൂ.
ഇങ്ങനെ മരിക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി ഓരോ വർഷവും വർധിച്ചുവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2016-17ൽ 85 പേരാണ് മരിച്ചതെങ്കിൽ 2017-18ൽ 118 പേരും 2018-19ൽ 142 പേരും മരിച്ചു. 2019-20ൽ ഇത് 124 ആയി കുറഞ്ഞു. എന്നാൽ, 2020-21ൽ 136ഉം 2021-22ൽ 133ഉം ആയി ഉയർന്നു.
വൈദ്യുതി ലൈനുകൾക്കരികിൽ ഇരുമ്പുതോട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് മൂലമുള്ള അപകടം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ കുടുംബശ്രീകൾ വഴിയും മറ്റും ബോധവത്കരണം നടത്തിവരുന്നുണ്ട്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമം.
–വി.സി. അനിൽകുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.