തൊടുപുഴ: കെണിയൊരുക്കി വനംവകുപ്പ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷേ, പുലി പോയിട്ട് പൂച്ചപോലും കെണിയുടെ പരിസരത്തെങ്ങും വന്നിട്ടില്ല. എന്നാൽ, കെണിക്കും വനംവകുപ്പിനും പിടികൊടുക്കാതെ പുലി വിളയാട്ടം തുടരുകയുമാണ്. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മലയും പരിസര പ്രദേശവും ‘പുലിവീഴാ പൂഞ്ചിറ’യായി മാറിയിരിക്കുന്നു. അപ്പുറത്ത് കെണിയൊരുക്കി കാത്തിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇല്ലിചാരി പൊട്ടൻപ്ലാവിന് സമീപം മുല്ലക്കരിയിൽ ഷാജിയുടെ ഫാമിൽ നിന്നും പുലി കോഴിയെ പിടികൂടി കടന്നുകളഞ്ഞത്.
ഫാമിലെ ജോലിക്കാരനായ അതിഥി തൊഴിലാളി കോഴികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ പുലി നിൽക്കുന്നത് കണ്ടത്. ആളെ കണ്ടതും കിട്ടിയ കോഴിയെയും കടിച്ചു പിടിച്ച് പുലി കടന്നു. ഇയാൾ ഓടി മുറിയിൽ കയറി കതകടച്ച് ഫോൺ ചെയ്ത് ആളെക്കൂട്ടി. പരിസരം മുഴുവൻ തെരെഞ്ഞെങ്കിലും പുലിയെ കണ്ടെത്താനായില്ല.
രണ്ടു ദിവസം മുമ്പ് കണ്ടത്തിപീടികയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ മുറ്റത്തും പുലി എത്തിയിരുന്നു. ചൂട് കാരണം തൊഴിലാളികൾ മുറ്റത്ത് കട്ടിലിട്ടാണ് കിടന്നത്. തൊട്ടടുത്ത് പുലി എത്തിയപ്പോൾ അവർ മുറിയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പഴയമറ്റം പാലത്തിന് സമീപം തുളുവനാനിക്കലെ പൈനാപ്പിൾ തോട്ടത്തിലും പുലിയെ കണ്ടവരുണ്ട്. അജ്ഞാത ജീവി ഇല്ലിചാരി മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന വാർത്ത പരന്നതോടെ ഒരു മാസം മുമ്പാണ് തൊടുപുഴയിലെ പുലിയെപ്പറ്റി സൂചന ലഭിക്കുന്നത്. പകലും രാത്രിയുമായി പലയിടങ്ങളില്‍ പുലിയെ കണ്ടതോടെ പ്രദേശം ഭീതിയിലായി. കണ്ടത്തിപീടികയിലും തൊടുപുഴ നഗരസഭയിലെ മഞ്ഞമാവിലും നാട്ടുകാർ പുലിയെ കണ്ടു.
ഈ മേഖലയാകെ വിഹരിക്കുന്ന പുലിയുടെ കൂടുതൽ സാന്നിധ്യം സമീപപ്രദേശമായ പൊട്ടൻപ്ലാവിലാണെന്ന് തെളിഞ്ഞു. ഇല്ലിചാരിയിൽ സ്ഥാപിച്ച കൂട് അതോടെ പൊട്ടൻപ്ലാവിലേക്ക് മാറ്റി. എന്നാൽ കാത്തിരിപ്പിന് ഫലമുണ്ടായിട്ടില്ല. മഞ്ഞമാവിൽ പുത്തൻപുരക്കൽ സുദർശനന്റെ പറമ്പിലാണ് കാമറ വച്ചിരിക്കുന്നത്. ആ വീട്ടിലെ രണ്ടു നായകളെ പുലി കൊണ്ടുപോയിരുന്നു. അവശേഷിക്കുന്ന മൂന്നു നായകളെ പിടിക്കാൻ ഇനിയും പുലി വന്നേക്കുമെന്നാന്നായിരുന്നു പ്രതീക്ഷ. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞിട്ടും പുലി കാമറയിൽ പതിഞ്ഞിട്ടില്ല. മുട്ടം ഗ്രാമപഞ്ചായത്ത് പഴയമറ്റം കണ്ടെത്തിപീടികയിൽ പുലിയെ കണ്ട സ്ഥലത്താണ് മറ്റൊരു ക്യാമറ സ്ഥാപിച്ചത്. അവിടെയും പുതുതായി ഒന്നും സംഭവിച്ചില്ല. നാട്ടുകാരും വനംവകുപ്പും ജാഗ്രതയോടെ കാത്തിരിക്കുമ്പോഴും പുലി പിടികൊടുക്കാതെ സമർത്ഥമായി ഒളിച്ചുകളിക്കുകയാണ്.
അതിനിടയിൽ, ഒരേസമയം പലയിടങ്ങളിൽ പുലിയെ കണ്ടതായും ഒന്നിൽ കൂടുതൽ പുലികളുള്ളതായും നാട്ടുകാർ പറയുന്നുണ്ട്. ഇതോടെ പുലിയെ തേടി എവിടെയിറങ്ങണമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.
പീരുമേട്: തേയിലത്തോട്ടത്തിൽ പശുവിനെ പുലി കൊന്ന നിലയിൽ കണ്ടെത്തി. പാമ്പനാർ ഗ്ലെൻ മേരി തോട്ടത്തിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. ജഡം കിടന്ന സ്ഥലത്താണ് തിങ്കളാഴ്ച തൊഴിലാളികൾ തേയില കൊളുന്ത് നുള്ളേണ്ടിയിരുന്നത്. പശുവിന്റെ ജഡം കണ്ടതോടെ ഇവിടെ കൊളുന്ത് ശേഖരിക്കുന്നത് ഒഴിവാക്കി തൊഴിലാളികളെ മറ്റു സ്ഥലങ്ങളിലോക്ക് മാറ്റി. വിജന മേഖലയായതിനാൽ ഇവിടെ കൊളുന്ത് ശേഖരിക്കാൻ തൊഴിലാളികളും ഭയക്കുന്നു. പാമ്പനാർ, പരുന്തുംപാറ, പീരുമേട്, തോട്ടാപ്പുര തുടങ്ങിയ സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം മുമ്പ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.