തൊടുപുഴ: ജില്ലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങൾക്ക് സഹായമേകാൻ 'സൂക്ഷ്മ പദ്ധതി' തയാറാക്കുന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ചേർന്ന് തദ്ദേശവകുപ്പ് ജില്ലയിൽ നടത്തിയ വിശദ പഠനത്തിെൻറ തുടർച്ചയായാണ് സൂക്ഷ്മ പദ്ധതിക്ക് രൂപം നൽകുന്നത്. ഇതിെൻറ ഭാഗമായ പരിശീലന പരിപാടിക്ക് ആഗസ്റ്റ് ഒന്നിന് തുടക്കമാകും.
ജില്ലയിൽ 2630 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്നായിരുന്നു സർവേയിലെ കണ്ടെത്തൽ. ഇതിൽ 1956 കുടുംബങ്ങളിലും ഒരാൾ മാത്രമാണ് താമസം. ആവശ്യത്തിന് ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്ത 1710 പേരും പട്ടികയിൽ ഇടംപിടിച്ചു. 52 പഞ്ചായത്തിലും രണ്ട് നഗരസഭയിലുമായുള്ള 3,45,317 കുടുംബങ്ങളിൽ 0.76 ശതമാനം അതിദരിദ്രർ ആണെന്ന് പഠനത്തിൽ തെളിഞ്ഞു.
1401 പേർക്ക് കിടപ്പാടമില്ലെന്നും കണ്ടെത്തി. ഓരോ അതിദരിദ്രകുടുംബത്തിെൻറയും അടിസ്ഥാന പ്രശ്നങ്ങൾ വിലയിരുത്തി അവയെ മൂന്ന് മാസംകൊണ്ട് പരിഹരിക്കാവുന്നവ, ആറുമാസംകൊണ്ട് പരിഹരിക്കാവുന്നവ, ദീർഘകാലംകൊണ്ട് പരിഹരിക്കാവുന്നവ എന്നിങ്ങനെ വേർതിരിക്കുകയാണ് ആദ്യഘട്ടം.
തുടർന്ന് അനുയോജ്യമായ പദ്ധതികൾ തയാറാക്കി അതിദരിദ്രാവസ്ഥ മാറ്റിയെടുക്കും. തദ്ദേശസ്ഥാപന പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റിസോഴ്സ്പേഴ്സൻ എന്നിവർക്ക് ജില്ലതലം മുതൽ പഞ്ചായത്തുതലം വരെ പരിശീലനം നൽകും. ആഗസ്റ്റ് അവസാനത്തോടെ പരിശീലന പരിപാടികൾ പൂർത്തിയാക്കി സൂക്ഷ്മ പദ്ധതികൾക്ക് രൂപം നൽകുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ല പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.