തൊടുപുഴ: നവകേരള സദസ്സിൽ തൊഴിൽരഹിതർ നൽകിയ പരാതിയിൽ പരിഹാരവും മറുപടിയും ഇല്ലെന്ന് ആക്ഷേപം.സർക്കാർ വകുപ്പുകളിൽ വിവിധ തസ്തികകളിൽ വിരമിച്ച ജീവനക്കാരെ കൂട്ടമായി നിയമിച്ച് തൊഴിൽ രഹിതരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന് എതിരെയായിരുന്നു പരാതി.
വിരമിച്ച ജീവനക്കാരെ പെൻഷന് പുറമേ വലിയ തുക ശമ്പളം നൽകി ആരോഗ്യ വകുപ്പിലെ ഏകാരോഗ്യ പദ്ധതിയിൽ ജില്ല മെന്റർമാരായി നിയമിച്ചതിനെതിരെയായിരുന്നു പ്രധാന പരാതി. കൂടാതെ കില ഉൾപ്പടെ മറ്റ് വകുപ്പുകളിലും വിരമിച്ച ജീവനക്കാരെ നിയമിച്ച് ശമ്പളം നൽകുന്നുണ്ട്. ഇവരിൽ കൂടുതലും സർവിസിലിരുന്ന കാലത്ത് പ്രത്യേക സർവിസ് സംഘടനയിൽ പ്രവർത്തിച്ചവരാണ്.
ആവശ്യമായ യോഗ്യതയുള്ള നിരവധി പേർ ജോലി തേടി അലയുമ്പോഴാണ് പെൻഷന് പുറമെ ശമ്പളവും നൽകി വിരമിച്ചവരെ നിയമിച്ചത്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഏകാരോഗ്യ പദ്ധതിയിൽ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് വിരമിച്ച ജീവനക്കാർക്ക് നിയമനം നൽകിയത്. മറ്റു ജില്ലകളിലും ഇത്തരം നിയമന നീക്കം നടക്കുന്നുണ്ട്. ഇതിനെതിരെയാണ് തൊഴിൽ രഹിതർ നവകേരള സദസ്സിൽ പരാതി നൽകിയത്.
മന്ത്രി തലത്തിൽ തീരുമാനം എടുക്കേണ്ട ഫയൽ ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറി നടപടി വൈകിപ്പിക്കുകയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.