മൂലമറ്റം: മഴയും ഉരുൾപൊട്ടലും നാശംവിതച്ച 2021കടന്നുപോയെങ്കിലും വൈദ്യുതി ബോർഡിന് ആശ്വാസം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലശേഖരമാണ് നിലവിൽ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ. വകുപ്പിന്റെ ഡാമുകളിൽ എല്ലാംകൂടി ഇപ്പോൾ 3699.45 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ശേഷിക്കുന്നുണ്ട്. ഇത് പൂർണ സംഭരണശേഷിയുടെ 89.35 ശതമാനമാണ്. ജനുവരിയിൽ ഇത്ര ജലശേഖരം ഇതാദ്യമാണ്. 2018ലെ പ്രളയകാലത്ത് മുൻ വർഷങ്ങളേക്കാളെല്ലാം നീരൊഴുക്ക് ഉണ്ടായിരുന്നെങ്കിലും ഡാമുകൾ കൂട്ടത്തോടെ തുറന്ന് വിടേണ്ടിവന്നതിനാൽ കരുതൽ ശേഖരം കുറഞ്ഞു.
2019ലേത് പോലെ ഒഴുക്കിക്കളയാതെ നിയന്ത്രിതമായി മാത്രമെ ഇത്തവണ ജലം തുറന്നുവിട്ടുള്ളൂ. ഇതാണ് നിലവിൽ ജലനിരപ്പ് ഉയർന്നുനിൽക്കാൻ കാരണം.
2018ൽ 5136.9 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തിയിരുന്നു. മഴ നിലച്ചിട്ടും നീരൊഴുക്ക് തുടരുന്നത് വൈദ്യുതി വകുപ്പിന് ആശ്വാസം നൽകുന്നുണ്ട്. ശനിയാഴ്ച ഡാമുകളിലേക്ക് 6.51 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലം ഒഴുകിയെത്തി.
സംസ്ഥാനത്ത് ഞായറാഴ്ച രാവിലെ വരെയുള്ള മൊത്ത വൈദ്യുതി ഉപഭോഗം 74.72 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 19.64 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 55.08 ദശലക്ഷം യൂനിറ്റ് പുറംസംസ്ഥാനങ്ങളിൽനിന്ന് വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.