തൊടുപുഴ: മറ്റൊരു ഇരുചക്ര വാഹനത്തിന്റെ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് യുവാവ് കുടുങ്ങി. ഇടവെട്ടി വലിയജാരം തൈപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഹിനെയാണ് (25) പൊലീസ് പിടികൂടിയത്. എ.ഐ കാമറകളിൽ പതിഞ്ഞ നിയമലംഘനത്തിന് പിഴയൊടുക്കാൻ യഥാർഥ നമ്പറിലുള്ള സ്കൂട്ടർ ഉടമക്ക് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയുമായി യഥാർഥ ഉടമ തൊടുപുഴ പൊലീസിനെ സമീപിച്ചിരുന്നു.
KL 38 G 9722 നമ്പരിലുള്ള പ്ലേറ്റാണ് സ്കൂട്ടറിൽ ഘടിപ്പിച്ചിരുന്നത്. എന്നാൽ, ഈ നമ്പർ മൂവാറ്റുപുഴ കടുക്കാസിറ്റി സ്വദേശി ചിലമ്പിക്കുന്നേൽ മോളിയുടെ സ്കൂട്ടറിന്റേതാണ്. ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ എ.ഐ കാമറകളിൽ നിന്ന് ഹെൽമറ്റ് ധരിക്കാത്തതിന് ആറ് പിഴ നോട്ടീസാണ് മോളിക്ക് ലഭിച്ചത്. എന്നാൽ, ഈ സ്ഥലങ്ങളിലൊന്നും മോളി പോയിട്ടില്ല. മോളിയുടെ സ്കൂട്ടറിന്റെ അതേ നിറത്തിലുള്ള വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് നോട്ടീസിനൊപ്പമുള്ളത്. ഇതോടെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഇടവെട്ടി ഭാഗത്തുനിന്ന് എസ്.ഐ ടി.ജി. ഷംസുദ്ദീനാണ് സ്കൂട്ടറും യുവാവിനെയും കണ്ടെത്തിയത്. ബുധനാഴ്ച വാഹനത്തിന്റെ എൻജിൻ നമ്പറും ഷാസി നമ്പറും ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ സ്കൂട്ടർ ഉടുമ്പന്നൂർ സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി.പിക്അപ് ഡ്രൈവറായ ഷാഹിൻ മറ്റൊരാളുടെ കൈയിൽ നിന്ന് സ്കൂട്ടർ വിലയ്ക്ക് വാങ്ങിയതാണെന്നാണ് മൊഴി നൽകിയത്. ഷാഹിനെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.