തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടി കൂടാന്‍ പ്രത്യേക ആർ.ആർ.ടി സംഘത്തെ നിയോഗിക്കണമെന്ന് കരിങ്കുന്നം പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ആവശ്യം. രണ്ടു മാസത്തോളമായി ജനങ്ങളില്‍ ഭീതി പരത്തി വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡീന്‍ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നത്. ജനപ്രതിനിധികള്‍ക്കു പുറമെ വനംവകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു. പുലിയെ പിടികൂടുന്ന കാര്യത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ വിമര്‍ശനമുയര്‍ന്നു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ ഒട്ടേറെ വളര്‍ത്തുമൃഗങ്ങള്‍ പുലിയുടെ ആക്രമണത്തിനിരയാകുകയും പലരും പുലിയെ കാണുകയും ചെയ്തെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണ് പ്രദേശത്ത് കാമറ സ്ഥാപിക്കാന്‍ വനംവകുപ്പ് തയാറായതെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് കുറ്റപ്പെടുത്തി.
കാമറ സ്ഥാപിച്ച് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഇത് പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം ലഭിച്ചത്. ചിത്രം ലഭിച്ചെങ്കിലും പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് കൂടു സ്ഥാപിച്ചതെന്നും നടപടികളില്‍ വനംവകുപ്പിന് ഏകോപനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുട്ടം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പുലിയെ കണ്ടതായി ഇതിനകം വിവരം ലഭിച്ചെന്നും ഇതിനെ പിടി കൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന് പറഞ്ഞു. പുലി വിഹരിക്കുന്ന മേഖലകളില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്നും ആർ.ആർ.ടി സംഘത്തെ നിയോഗിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി വനംവകുപ്പധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വനംമന്ത്രിയോടും സി.സി.എഫിനോടും ആവശ്യപ്പെടുമെന്ന് പി.ജെ.ജോസഫ് എം.എൽ.എ യോഗത്തില്‍ അറിയിച്ചു.
കൂടുതല്‍ കാമറകളും കൂടും സ്ഥാപിക്കുമെന്ന് വനം വകുപ്പ്
പുലിയെ പിടി കൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതല്‍ കാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പധികൃതര്‍ യോഗത്തെ അറിയിച്ചു. നിലവില്‍ പാറക്കടവ് പൊട്ടന്‍പ്ലാവിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇല്ലിചാരി മലയുടെ മുകളിലായി ഒരു കൂടു കൂടി സ്ഥാപിക്കും. മൂന്നു കാമറകളാണ് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ തൊടുപുഴ റേഞ്ച് ഓഫീസിലുള്ള രണ്ടു കാമറകള്‍ കൂടി വിവിധ മേഖലകളില്‍ സ്ഥാപിക്കും. കൂടുതല്‍ കാമറകള്‍ തേക്കടി, തട്ടേക്കാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയ്ക്കും. നിലവില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രദേശത്ത് നടത്തി വരുന്ന പട്രോളിങ്ങ് വിപുലീകരിക്കും. കൂടാതെ ആർ.ആർ.ടി.സി സംഘത്തെ നിയോഗിക്കാന്‍ ശുപാര്‍ശ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ട്രീസ ജോസ് കാവാലത്ത്, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു ജോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സ്വപ്ന ജോയല്‍, ബേബിച്ചന് കൊച്ചുകരൂര്‍, മുട്ടം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരുണ്‍ പൂച്ചക്കുഴി, റേഞ്ച് ഓഫീസര്‍ ടോമിന് ജെ.അരഞ്ഞാണി, ഫോറസ്റ്റ് ഓഫീസര്‍ എ.ജി.സുനില്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പുലിയെ പിടി കൂടാന്‍ ആർ.ആർ.ടി സംഘത്തെ നിയോഗിക്കാമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് ഉറപ്പു നല്‍കിയതായി പി.ജെ.ജോസഫ് എം.എൽ.എ പിന്നീട് അറിയിച്ചു. കോതമംഗലം ഡിഎഫ്ഒയ്ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സർവകക്ഷി യോഗത്തിനു ശേഷമാണ് മന്ത്രിയുമായി പി.ജെ.ജോസഫ് സംസാരിച്ചത്. കഴിഞ്ഞ ദിവസം സിസിഎഫിനെ വിളിച്ചും പ്രശ്നത്തിന്റെ ഗൗരവം അറിയിച്ചിരുന്നതായി എംഎല്‍എ പറഞ്ഞു.
തൊടുപുഴ: നഗരസഭയിലെ പാറക്കടവ് മഞ്ഞുമാവ് ഭാഗത്ത് ഇറങ്ങിയ പുലിയെ ഉടൻ പിടികൂടണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്. ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലി മനുഷ്യ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
പാറക്കടവിന് സമീപമുള്ള കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയിൽ കണ്ട പുള്ളിപ്പുലി തന്നെയാണ് പാറക്കടവിലും എത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇല്ലിചാരിയിൽ ക്യാമറ സ്ഥാപിച്ച ഇടങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സമീപത്തായി വനം വകുപ്പ് കൂടും സ്ഥാപിച്ചു കഴിഞ്ഞു. ഇതുപോലെ തന്നെ പാറക്കടവിൽ പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലത്ത് അടിയന്തിരമായി ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യമെങ്കിൽ ഇവിടെ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
പുലിയെ പിടികൂടുവാൻ കഴിയാത്തതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ പകലും രാത്രിയും പുലിയെ കണ്ടതായി വനംവകുപ്പിനു വിവരം നൽകിയിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയും പള്ളിപ്പെരുന്നാൾ കഴിഞ്ഞ് വന്നവർ പുലിയെ കണ്ട് ഭയന്നിരുന്നു. ജനജീവിതത്തിന് ഭീഷണിയായി നാട്ടിലിറങ്ങിയ പുലിയെ ഉടൻ പിടികൂടിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.