തൊടുപുഴ: ജില്ലയില്‍ തെരുവുനായ്ക്കളുടെ ശല്യം പെരുകുന്ന സാഹചര്യത്തില്‍ ഇവയെ വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിവെപ്പ് നല്കാനുമായി അനിമല്‍ ബെര്‍ത്ത് കണ്ട്രോള് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പൈനാവില്‍ ജില്ല പഞ്ചായത്ത് വിട്ടുനല്‍കുന്ന 50 സെന്റ് സ്ഥലത്താകും എ.ബി.സി സെന്റര്‍ നിര്‍മിക്കുന്നത്.
അരയേക്കറിൽ രണ്ടരക്കോടി മുടക്കി നിര്‍മിക്കുന്ന കേന്ദ്രത്തില്‍ 100 നായ്ക്കളെ പാര്‍പ്പിച്ച് വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിവെപ്പ് നല്കാനുകഴിയുന്ന തരത്തില്‍ വിപുലമായ സംവിധാനമാണ് തയാറാക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. സെന്ററിനായുള്ള കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനും വേഗത്തില്‍ പൂര്‍ത്തിയാക്കി സെന്റര്‍ തുടങ്ങുന്നതിനുമുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു പറഞ്ഞു.
നേരത്തേ നെടുങ്കണ്ടം, മൂന്നാര്‍, കുമളി, തൊടുപുഴ, പീരുമേട് എന്നിവിടങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും പ്രദേശവാസികളില്നിന്നുണ്ടായ എതിര്‍പ്പിനെ തുടന്ന് നടപ്പായില്ല. ജില്ലയിൽ ഒരു എ.ബി.സി സെന്റര്‍പോലും തുറക്കാനാകാത്തതും ജില്ല പഞ്ചായത്തിനെ സംബന്ധിച്ച് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെയടക്കം ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തുന്നതോടെ ഇവയുടെ വംശവര്‍ധന തടയുന്നതിനും പ്രതിരോധ കുത്തിവെപ്പ് നല്കി പേവിഷ ബാധയുടെ സാധ്യതകള്‍ ഇല്ലാതാക്കാനും കഴിയും.
സെന്റർ ഒരുങ്ങുന്നത് ആധുനിക സജ്ജീകരണങ്ങളോടെ
ഓപറേഷന് തിയറ്റര്‍, നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളോടെയുള്ള എ.ബി.സി സെന്ററാണ് ആരംഭിക്കുന്നത്. ജില്ലയില്‍ മറ്റ് എ.ബി.സി സെന്ററുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ എല്ലാ മേഖലയില്‍നിന്നും നായ്ക്കളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്താനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തയാറാക്കിയ പ്ലാന്‍ അനുസരിച്ചാണ് നിര്‍മാണം. കെട്ടിട നിര്‍മാണത്തിന് മുന്നോടിയായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ കോട്ടയം ജില്ലയിലെ എ.ബി.സി സെന്റര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
വളരെ സുരക്ഷിതമായി ജനങ്ങള്‍ക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം ചുറ്റുമതില്‍ ഉള്‍പ്പെടെയാണ് ഇതോടനുബന്ധിച്ച് നിര്‍മിക്കുന്നത്. ഓപറേഷന് തിയറ്റര്‍ കൂടാതെ പോസ്റ്റ് ആന്‍ഡ് പ്രീഓപറേഷന് കെയര്‍ യൂനിറ്റ്, സ്റ്റോര്‍, സി.സി ടി.വി, ടി.വി, എ.സി, കിച്ചൻ എന്നിവയും സെന്ററിലുണ്ടാകും.
വെറ്ററിനറി സര്ജന്, മൃഗപരിപാലകര്‍, തിയറ്റര്‍ സഹായികള്‍, ശുചീകരണ ജോലിക്കാര്‍, നായ്പിടിത്തക്കാര്‍ എന്നിവരടങ്ങുന്ന സംഘവും സേവനത്തിനുണ്ടാകും. പിടികൂടുന്നവയെ സെന്ററിലെത്തിച്ച് വന്ധ്യംകരണം നടത്തി പ്രതിരോധ കുത്തിവെപ്പും നല്‍കും. തുടര്‍ന്ന് പെണ്നായ്ക്കള്ക്ക് അഞ്ചു ദിവസവും ആണ്‍നായ്ക്കള്‍ക്ക് നാലു ദിവസവും ഷെല്‍ട്ടര്‍ സൗകര്യമൊരുക്കും. പിന്നീട് ഇവയെ അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പിടിച്ച അതേ സ്ഥലത്തുതന്നെ തുറന്നുവിടും.
ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണത്തിലടക്കം ഇപ്പോൾ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വർഷം മുമ്പ് 7375 ആയിരുന്നെങ്കിൽ ഇപ്പോൾ പ്രാഥമിക കണക്കെടുപ്പിൽ 21,000 ആയി ഉയർന്നു. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഈ മാസം ഇതുവരെ 344 പേർക്കാണ് കടിയേറ്റത്. വളർത്തുനായ്ക്കളുടെ കടിയേറ്റവരും ഈ കണക്കിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.