തൊടുപുഴ: ജില്ലയിൽ പനി ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിർദേശം. മഴയും വെയിലും മാറി വരുന്ന കാലാവസ്ഥ പകർച്ച വ്യാധികളടക്കം പിടിമുറുക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.
വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവന്‍സ, മഞ്ഞപ്പിത്തം എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഡോക്ടറെ കണ്ടശേഷം ഡോക്ടറുടെ ഉപദേശാനുസരണം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പനിക്കെതിരെ അതിജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയിൽ മൂന്നാഴ്ചക്കിടെ 6408 പേർക്ക് വൈറൽ പനി ബാധിച്ചതായാണ് കണക്കുകൾ. ആറു ദിവസത്തിനിടെ 1714 പേരും വൈറൽ പനി ബാധിതരായി. ഈ മാസം 27 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഏഴു പേർക്ക് ഒരാഴ്ചക്കിടെ ഡെങ്കി സ്ഥിരീകരിക്കുകയും 26 പേർ ഡെങ്കിപ്പനി എന്ന സംശയത്തിൽ ചികിത്സ തേടിയിട്ടുമുണ്ട്. ഈ മാസം 15 പേർക്ക് ചിക്കൻ പോക്സും പിടികൂടി.
ഒമ്പതു പേർക്ക് എച്ച് വൺ എൻ വണും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. ഇന്‍ഫ്ലുവന്‍സ പ്രതിരോധിക്കാൻ നിര്‍ബന്ധമായും മാസ്ക് ധരിക്കാനും പനിയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനും ശ്രദ്ധിക്കണം.
എലിപ്പനി ബാധ തടയാൻ ചളിയിലും വെള്ളത്തിലും ജോലി ചെയ്യുന്ന എല്ലാവരും ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. കൈയുറ, ഗംബൂട്ട് എന്നിവ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. പനി, ശരീരം വേദന, കണ്ണിന് ചുറ്റും വേദന, മൂത്രത്തിന് മഞ്ഞ നിറം എന്നിവ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.