തൊടുപുഴ: മൂന്നുമാസമായി ശമ്പളം കിട്ടാതായതോടെ ആരോഗ്യദൗത്യം ജീവനക്കാര്‍ ദുരിതത്തില്‍. ജില്ലയിൽ ജോലി ചെയ്യുന്ന എണ്ണൂറില്പരം ജീവനക്കാര്‍ക്കാണ് മൂന്നുമാസമായി ശമ്പളം കിട്ടാത്തത്. ഇതില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍മാന്‍, വെല്‍നസ് സെന്ററുകളില്‍ നിയമനം കിട്ടിയ മിഡ്ലെവല് സര്‍വിസ് പ്രൊവൈഡര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകൾ, ടെക്നീഷന്മാര്, ഒപ്ട്രോമെട്രീഷന്മാര്, ഫിസിയോ തെറപ്പിസ്റ്റുമാർ, കൂടാതെ 16 പി.ആർ.ഒമാരും ആരോഗ്യദൗത്യം ഓഫിസ് ജീവനക്കാരുമുണ്ട്. ശമ്പളമെന്ന് കിട്ടുമെന്ന് പറയാൻ അധികൃതര്‍ക്ക് കഴിയുന്നുമില്ല. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഇപ്പോൾ പ്രക്ഷോഭ രംഗത്താണ്. ആശമാരും പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ക്ക് ഓണറേറിയം ലഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. ഓണറേറിയം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ട് വിനിയോഗിച്ചാണ്. ഇവരുടെ ഇന്‍സെന്റിവ് മുടങ്ങിയിട്ട് ഒരുവര്‍ഷത്തിലേറെയായി.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നപ്രകാരം ആരോഗ്യകേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും പേരുമാറ്റാത്തതാണ് കേന്ദ്രഫണ്ട് കിട്ടാൻ തടസ്സം എന്നറിയുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ പേരുമാറ്റത്തിന് ആദ്യഘട്ടത്തിൽ എതിരായിരുന്നെങ്കിലും ഇപ്പോൾ പേരുമാറ്റി കോബ്രാന്‍ഡിങ് നടപടി പൂര്‍ത്തിയാക്കാന്‍ നീക്കം നടത്തുന്നുണ്ട്. കരാര്‍വ്യവസ്ഥയില്‍ വര്‍ങ്ങളായി തുടരുന്ന ജീവനക്കാരാണ് ഇപ്പോൾ ശമ്പളം കിട്ടാതെയും പിരിച്ചുവിടൽ ഭീഷണി നേരിട്ടും സര്‍വിസിൽ തുടരുന്നത്. പലർക്കും ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയും കഴിഞ്ഞു.
ആരോഗ്യവകുപ്പില്തന്നെ പുതിയതായി തുടങ്ങിയ കോടിക്കണക്കിന് രൂപ ലോക ബാങ്ക് സഹായമുള്ള ഏകാരോഗ്യപദ്ധതി, നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷൻ തുടങ്ങിവയില്‍ യഥേഷ്ടം നിയമനം നടത്തുന്നുണ്ട്. ഇവിടെയെല്ലാം വലിയ തുക പെന്ഷൻ വാങ്ങുന്നവരെ നിയമിച്ച് ഇവര്‍ക്ക് മുടങ്ങാതെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുമ്പോഴാണ് കാലങ്ങളായി ആരോഗ്യവകുപ്പില്‍ ജോലിനോക്കി പരിചയസമ്പന്നരായ ആരോഗ്യദൗത്യം ജീവനക്കാരെ ഇത്തരം തസ്തികയിലേക്ക് പരിഗണിക്കാന്‍പോലും തയാറാകാതിരുന്നത്. ഇതോടെ പരിചയ സമ്പന്നരായിരുന്നിട്ടും ഇവർക്ക് അപേക്ഷിക്കാൻപോലും അവസരം നൽകിയില്ല. തങ്ങൾക്ക് ശമ്പളം നൽകുകയോ ഫണ്ടുള്ള പുതിയ പ്രോജക്ടിൽ വിരമിച്ചവർക്ക് പകരം അർഹരായവരെ നിയമിക്കണമെന്നും ആരോഗ്യദൗത്യം ജീവനക്കാർ ആവശ്യപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.