തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി ഭാഗത്ത് വന്നത് പുലിതന്നെയെന്ന് സ്ഥിരീകരണം. ഇല്ലിചാരിയിൽ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ ദൃശ്യം വ്യക്തമായി പതിഞ്ഞു.
അജ്ഞാതജീവി മൃഗങ്ങളെ ആക്രമിക്കുന്നതായി നേരത്തേ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ചിലർ പുലിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. എന്നാൽ, അത് പൂച്ചപ്പുലി ആണോ എന്ന സംശയത്തിലായിരുന്നു ജനങ്ങൾ. ഇതേ തുടർന്നാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഈ നിരീക്ഷണ കാമറയിലാണ് കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം പതിഞ്ഞത്. തുടങ്ങനാട്-പഴയമറ്റം തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ഇല്ലിചാരി.
കഴിഞ്ഞ രണ്ട് ഒരുമാസത്തിനിടെ 13 നായ്, മൂന്ന് ആട്, രണ്ട് കോഴി, ഒരു മുയൽ എന്നിവയെ പുലി പിടികൂടിയിരുന്നു. ഒരാഴ്ച മുമ്പ് മുട്ടം പോളിടെക്നിക്കിന് സമീപത്തുനിന്ന് പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ട് പോയതായി പരാതി ഉയർന്നിരുന്നു. ഇല്ലിചാരി ഭാഗവും പോളിടെക്നിക് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി ഏറെ അകലെയല്ല. പോളിടെക്നിക് ഭാഗത്ത് കണ്ട മൃഗം ഇല്ലിചാരിയിൽ കണ്ടെത്തിയ പുലി തന്നെയാണോയെന്നും സംശയിക്കുന്നു.
ആശങ്കയിൽ ജനം
ജനവാസ മേഖലയോട് ചേർന്ന് പുലിയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾ ആശങ്കയിലായി. വനം വകുപ്പ് അധികൃതർ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
അനുമതി ലഭിച്ചാൽ ഉടൻ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എന്നാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുലിയെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുട്ടം റേഞ്ച് ഓഫിസർ സിജോ സാമുവൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.