തൊടുപുഴ: ഇടുക്കി-എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ജനവാസമേഖലയായ മാറികയിലും പുലിയെ കണ്ടതായി അഭ്യൂഹം. മാറിക കവലയില്‍നിന്ന് പണ്ടപ്പിള്ളി-മൂവാറ്റുപുഴ റൂട്ടില്‍ 300 മീറ്ററോളം മാറിയുള്ള തോടിന്റെ കടവിന് എതിര്‍വശത്തുള്ള പറമ്പില്‍ നാട്ടുകാരി വലിയപാറയ്ക്കല്‍ സുമയാണ് പുലിയെ കണ്ടത്. ശനിയാഴ്ച രാവിലെ പതിവുപോലെ കുളിക്കാനെത്തിയതാണ്. ഇടയില്‍ എതിര്‍വശത്ത് മരത്തില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു.
തിരിഞ്ഞുനോക്കിയപ്പോഴാണ് പുലിയെ കണ്ടത്. സുമ പറഞ്ഞു. മഞ്ഞ നിറമാണ്. വാലിന് നല്ല നീളമാണ്. കണ്ടയുടൻ ബഹളംവെച്ച് സമീപത്തെ കടയിലുള്ളവരോട് പറഞ്ഞു. ബഹളംകേട്ട് പുലി പറമ്പിലേക്കുതന്നെ മറഞ്ഞു. മാറികക്ക് സമീപം വഴിത്തലയില്‍ കോലടി റൂട്ടില്‍ കഴിഞ്ഞയാഴ്ച പുലിയുടെ കാൽപാടും വിസര്‍ജ്യവും കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് വനം വകുപ്പ് അധികൃതര്‍ പരിശോധിച്ചെങ്കിലും പുലിയുടേതല്ലെന്ന് ഉറപ്പാക്കിയതാണ്.
ഇതിനോട് സമീപമുള്ള പ്രദേശം തന്നെയാണ് മാറികയും. അതേസമയം, കരിങ്കുന്നം ഇല്ലിചാരി മലയില്‍ പുള്ളിപ്പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നിട്ട് രണ്ടുമാസമാകുകയാണ്. കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. പിന്നീട് കരിങ്കുന്നം പഞ്ചായത്തുമായി അതിര്‍ത്തിപങ്കിടുന്ന പാറക്കടവ് മഞ്ഞമാവിലും പൊട്ടന്പ്ലാവിലും പലരും അജ്ഞാത ജീവിയെ കണ്ടു. അധികൃതരെത്തി പരിശോധിച്ച് കാമറ സ്ഥാപിച്ച് ഇല്ലിചാരിമലയിൽ ഇറങ്ങിയ അതേ പുലിതന്നെയാണെന്ന് ഉറപ്പാക്കി. അതേസമയം, വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് അധികൃതരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.