തൊടുപുഴ: ഉടുമ്പന്നൂർ-കൈതപ്പാറ-ഇടുക്കി റോഡിന്റെ നിർമാണത്തിന് അനുമതി തേടിയിട്ടില്ലെന്ന വാദം ഉന്നയിച്ച് വനംവകുപ്പ്. ഇതോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോഡ് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
തൊടുപുഴ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന ഈ റോഡ് പൂർണമായും വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം വനംവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അനുമതി ലഭ്യമായതിനു ശേഷമേ നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. അനുമതി തേടാൻ പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയിട്ടില്ലെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമുള്ള റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കും കാലതാമസത്തിനും വനംവകുപ്പ് ഉത്തരവാദിയല്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, ഡീൻ കുര്യാക്കോസ് എം.പി മുൻകൈയെടുത്ത് റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും വനംവകുപ്പുമായി ബന്ധപ്പെട്ടവർ കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരത്തേ സ്ഥലം സന്ദർശിക്കുകയും ചെയ്തു. വനം മന്ത്രി എ.കെ. ശശീന്ദ്രനും ജില്ലയിൽനിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനുമായും മന്ത്രിതലത്തിൽ ഉന്നതതല ചർച്ചയും നടത്തിയിരുന്നു.
പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിനു ഫണ്ട് അനുവദിച്ചത്. ഉടുമ്പന്നൂർ മുതൽ കൈതപ്പാറ വരെ 8.8 കിലോമീറ്റർ റോഡിന് 7.80 കോടിയും കൈതപ്പാറ മുതൽ മണിയാറൻകുടി വരെ 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് തുക വകയിരുത്തിയിരുന്നത്.
ഇത്തരത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വരുന്നതിനിടെ വനംവകുപ്പിന്റെ ഇടപെടലാണ് ആശങ്ക ഉയർത്തുന്നത്. തൊടുപുഴ, ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന്റെ പ്രത്യേകത.
ഉടുമ്പന്നൂർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനും റോഡിന്റെ വികസനംമൂലം സാധിക്കും. അതേസമയം, ആശങ്ക വേണ്ടെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.