തൊടുപുഴ: ജില്ലയിലെ വനാതിർത്തി മേഖലകളിൽ ഭീതി വിതച്ച് കാട്ടാന കൂട്ടം വീണ്ടും. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളിൽ തമ്പടിച്ച കാട്ടാനകളെ ഓടിക്കുന്നതിനിടെ പടക്കം പൊട്ടി വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റിരുന്നു. ഉപ്പുതറ, വളകോട്, പാലക്കാവ് മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ആഴ്ചകളായി ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമത്തിനിടെയാണ് പാലക്കാവ് സ്വദേശി പ്രസാദിന് പരിക്കേറ്റത്.
പാലക്കാവ്, മുത്തംപടി, കൂപ്പുപാറ പ്രദേശങ്ങളിൽ ഒറ്റയാനും മറ്റിടങ്ങളിൽ കാട്ടാനക്കൂട്ടവുമാണ് നാശം വിതക്കുന്നത്. കാക്കത്തോട് ഡിവിഷനിൽനിന്നെത്തിയ കാട്ടാനകൾ വ്യാപക കൃഷിനാശവും ഉണ്ടാക്കി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് കർഷകരുടെ പരാതി. കാട്ടാന ശല്യത്തിനിടെ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും നാട്ടുകാർക്ക് വിനയായി. ഇരുട്ടത്ത് ആനകൾ നിൽക്കുന്നതുപോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. വനം വകുപ്പിനെ അറിയിച്ചാലും തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. തുടർനടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് കർഷക കൂട്ടായ്മയുടെ തീരുമാനം.
ജനവാസ മേഖലയിൽ ഭീതി പരത്തുകയാണ് പടയപ്പയെന്ന ഒറ്റയാനും കാട്ടാനക്കൂട്ടവും. മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ കഴിഞ്ഞ ദിവസം വാഹനങ്ങൾ തടഞ്ഞു. ശനിയാഴ്ച വൈകീട്ട് ദേവികുളം പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിയ പടയപ്പ പിന്നീട് കാടുകയറി. രാത്രി പഴയ മൂന്നാറിലെത്തിയ കാട്ടാനകളും പരിഭ്രാത്തി പരത്തി. അമ്മയും കുട്ടിയാനയുമാണ് ടൗണിലെത്തിയത്. ആനയുടെ മുന്നിലകപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുറച്ചു ദിവസങ്ങളായി മൂന്നാർ, മറയൂർ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകൾ വ്യാപകനാശമാണ് ഉണ്ടാക്കുന്നത്. കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തൊടുപുഴ: ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായ ദേവികുളം റേഞ്ചിൽ ഇത്തവണ കാട്ടാനകളുടെ കണക്കെടുപ്പ് നടത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ ഏകദേശം 40 ആനകൾ ദേവികുളം റേഞ്ചിൽ ഉണ്ടെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ആനയിറങ്കൽ മേഖലയിൽ മാത്രം 18 കാട്ടാനകളാണുള്ളത്. ഏപ്രിൽ 29ന് അരിക്കൊമ്പൻ എന്ന ഒറ്റയാനെ പ്രദേശത്തുനിന്ന് കൊണ്ടുപോയിരുന്നു. അതിനുശേഷവും രണ്ട് പേരാണ് ചിന്നക്കനാൽ, പന്നിയാർ മേഖലകളിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പെരുങ്കാലയിലും പാൽക്കുളംമേട് മേഖലയിലും 56 കോളനിയിലും ഈ വർഷവും കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
പൈനാവിൽ എൻജിനീയറിങ് കോളജിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും പരിസരങ്ങൾ കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങളാണ്. മറയൂർ–കാന്തല്ലൂർ മേഖലയിൽ മാത്രം 13 കാട്ടാനകളാണ് ഇപ്പോൾ കൃഷിയിടത്തിലും പ്രദേശത്തും ചുറ്റിക്കറങ്ങി ശല്യമുണ്ടാക്കുന്നത്. തലക്കോട് ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന മുള്ളരിങ്ങാട് വനത്തിൽ നേരത്തേ 18 ആനകൾ ഉണ്ടായിരുന്നു. ഇപ്പോൾ എട്ടെണ്ണമായി. ബാക്കിയുള്ളവ നേര്യമംഗലം വനമേഖലയിലേക്ക് പോയതായാണ് വനം വകുപ്പിന്റെ കണ്ടെത്തൽ, മുള്ളരിങ്ങാട്, തലക്കോട്, ചാത്തമറ്റം ഭാഗങ്ങളിലും ഇപ്പോൾ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്
തൊടുപുഴ: ജില്ലയിൽ കാട്ടാന ശല്യം വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ. ജീവനും സ്വത്തിനും ഭീഷണിയായി കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ മുന്നിൽ നിൽക്കുമ്പോൾ ‘എണ്ണം കുറഞ്ഞു’ എന്ന പ്രഖ്യാപനം നടത്തി കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കർഷക സംഘടനകളുടെ നിലപാട്. കാട്ടാനകളുടെ ശല്യം ഏറ്റവുമധികമുള്ള മേഖലകളിലൊന്നാണ് മൂന്നാർ.
വനത്തിനുള്ളിൽ ആവശ്യത്തിന് തീറ്റയും വെള്ളവുമുണ്ടെങ്കിലും ആനകൾ ജനവാസ മേഖലയിലാണ് കൂടുതൽ സമയവും ചെലവിടുന്നത്. സഞ്ചാരികളും നാട്ടുകാരും വലിച്ചെറിയുന്ന മാലിന്യവും വഴിയോരക്കച്ചവടക്കാർ വിൽപനക്ക് സൂക്ഷിക്കുന്ന പഴവർഗങ്ങളും ചോളം, കാരറ്റ് എന്നിവയും യഥേഷ്ടം ഭക്ഷിക്കാനുള്ളതു കാരണമാണ് കാട്ടാനകൾ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും കറങ്ങി നടക്കുന്നത്. നാലു മാസം മുമ്പ് നല്ലതണ്ണി കല്ലാറിലെ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്ലാന്റിന് സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിൽനിന്ന് പടയപ്പ ഉൾപ്പെടെയുള്ള ആനകൾ മാലിന്യം ഭക്ഷിക്കുന്നത് പതിവായിരുന്നു. മൂന്നാറിൽ മികച്ച മാലിന്യസംസ്കരണ സംവിധാനങ്ങൾ നടപ്പാക്കിയാൽ കാട്ടാനകളുടെ കടന്നുകയറ്റം തടയാമെന്നാണ് വിദഗ്ധരുടെ നിലപാട്.
കട്ടപ്പന: ആഴ്ചകളായി കാടിറങ്ങിയ ഒറ്റയാൻ പാലക്കാവ്, മുത്തംപടി, കൂപ്പുപാറ കിഴുകാനം പ്രദേശങ്ങളിൽ കൃഷിയിടത്തിൽ നാശം വിതക്കുകയാണ്. കാക്കത്തോട് ഡിവിഷനിൽനിന്നു കാടിറങ്ങിയ ഈ ഒറ്റയാൻ ഏഴു ദിവസമായി പാലക്കാവ് മേഖലയിൽ കാർഷിക മേഖലയിൽ നിലയുറപ്പിച്ച് കൃഷി നശിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കേ വേലിക്കാത്ത് ബിൻസ്, ചെറുവള്ളി ജോസഫ്, ദീപക്, പുല്ലുവേലി റിജു പോൾ, കൊച്ചാനി മുട്ടിൽ നിഷ, തേരകം കുഴയിൽ ബേബി, കപ്പിലാമൂട്ടിൽ സിജു, മറ്റത്തിൽ ആലീസ് എന്നിവരുടെ പുരയിടത്തിൽ വ്യാപകമായി വിളകൾക്ക് നാശമുണ്ടാക്കി.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആനയെ കാർഷിക മേഖലയിൽനിന്ന് ഉൾവനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം ശനിയാഴ്ച രാത്രി വൈകിയും വിജയിച്ചില്ല. ഇതേതുടർന്നാണ് സി.പി.എം വളകോട് കമ്മിറ്റി തിങ്കളാഴ്ച രാവിലെ 10ന് കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കാൻ തീരുമാനിച്ചത്. സി.പി.എം വളകോട് ഏരിയ സെക്രട്ടറി എം.ജെ. വാവച്ചൻ മാർച്ച് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.