തലശ്ശേരി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന മോട്ടോർ ബൈക്കുകൾ മോഷ്ടിക്കുന്നത് പതിവാകുന്നു. റെയിൽവേ ജീവനക്കാരൻ കൊളശ്ശേരിയിലെ പ്രജീഷിന്റെ ബൈക്ക് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടു. റെയിൽവേ ജീവനക്കാർക്ക് മാത്രമായുള്ള പാർക്കിങ് ഏരിയയിൽ ബുധനാഴ്ച രാവിലെ നിർത്തിയിട്ടതായിരുന്നു. ഉച്ചക്ക് തിരിച്ചെത്തുമ്പോഴേക്കും ബൈക്ക് കാണാനില്ലായിരുന്നു.
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് വൈകീട്ട് കോപ്പാലത്ത് വെച്ച് ബൈക്ക് കണ്ടെത്തി. ബൈക്ക് 2000 രൂപക്ക് വിൽക്കാൻ ശ്രമിച്ചയാളെ തടഞ്ഞുവെച്ച് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. നമ്പർ പ്ലേറ്റടക്കം ഊരിമാറ്റി തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു ബൈക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിടുന്ന ബൈക്കുകൾ ഇതിന് മുമ്പും നിരവധിതവണ കാണാതായിട്ടുണ്ട്. സ്ഥിരമായി ബൈക്കുകൾ മോഷണംപോകുന്ന പശ്ചാത്തലത്തിൽ റെയിൽവേ അധികാരികളുടെ ഭാഗത്തുനിന്നും തക്കതായ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പേ പാർക്കിങ് കോൺട്രാക്ടർമാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങളിലൂടെയടക്കം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം ശക്തമാക്കിയതായി ആർ.പി.എഫ് എസ്.ഐ ടി. വിനോദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.