തലശ്ശേരി: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തലശ്ശേരി നഗരസഭതല കോവിഡ് സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്കൂൾ കുട്ടികൾക്ക് ആശുപത്രികളിൽ നൽകുന്ന വാക്സിന് പുറമെ അതത് സ്കൂളുകളിൽ തന്നെ വാക്സിൻ നൽകുന്ന സംവിധാനം അടുത്തദിവസം ആരംഭിക്കും.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ പരിശോധന പുനരാരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ക്വാറന്റീനിൽ പോകണം. വ്യാപാരസ്ഥാപനങ്ങളിൽ എല്ലാവരും കോവിഡ് മാനദണ്ഡം പാലിച്ച് സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കണമെന്ന് യോഗം നിർദേശിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ വരുംദിവസങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും പൊലീസിന്റെയും കർശന പരിശോധന ഉണ്ടായിരിക്കും. ചട്ടലംഘനം ഉണ്ടായാൽ പിഴചുമത്തൽ, ലൈസൻസ് റദ്ദ് ചെയ്യൽ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർ നിർബന്ധമായും സർക്കാർ നിർദേശപ്രകാരമുള്ള ക്വാറന്റീൻ പാലിക്കണം. വാർഡ്തല കോവിഡ് ജാഗ്രതാസമിതി യോഗങ്ങൾ ചേർന്ന് വാർഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
വ്യാഴാഴ്ച ചേരുന്ന സർക്കാർ കോവിഡ് അവലോകനയോഗത്തിന്റെ തീരുമാനങ്ങൾ തലശ്ശേരി നഗരസഭയിൽ കർശനമായി നടപ്പാക്കാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ, നഗരസഭ സെക്രട്ടറി ആർ. പ്രദീപ് കുമാർ, ജനറൽ ആശ്രുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ആർ.എം.ഒ ഡോ. ജിതിൻ, ഡോക്ടർമാർ, പൊലീസ്, റവന്യൂ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.