തലശ്ശേരി: മേൽക്കൂരയടക്കം പാതിയിലേറെ പൊളിച്ചുമാറ്റിയ കെട്ടിടം വീനസ് പ്രദേശത്തുകാർക്ക് ഭീഷണിയാകുന്നു. വീനസ് കവലയിൽ ദേശീയപാതയോട് ചേർന്ന് പതിറ്റാണ്ടുകളോളം കാലപ്പഴക്കമുള്ള കെട്ടിടമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
പാതിപൊളിച്ചുനീക്കിയ കെട്ടിടം രണ്ടാഴ്ചയായി അതേകിടപ്പിലാണ്. ജില്ല കലക്ടറുടെ നിർദേശപ്രകാരം ആഗസ്റ്റ് 15ന് രാവിലെയാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. ഇതിനിടെ ബി.ജെ.പി പ്രവർത്തകരെത്തി പ്രവർത്തനം തടയുകയായിരുന്നു.
കെട്ടിടത്തിൽ മുറിയെടുത്തവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെട്ടിടം പൊളിക്കുന്നത് തടസ്സപ്പെടുത്തിയത്. കെട്ടിടത്തിെൻറ താഴെനിലയിൽ ഹോട്ടൽ ഷീബ ഉൾപ്പെടെ നാല് വ്യാപാരസ്ഥാപനങ്ങളും മുകൾനിലയിൽ കോൺഗ്രസ്, ബി.ജെ.പി ഓഫിസുകളുമാണ് പ്രവർത്തിച്ചിരുന്നത്.
മഴ കനക്കുന്ന സാഹചര്യത്തിൽ പാതിപൊളിച്ച കെട്ടിടം കൂടുതൽ അപകട ഭീഷണിയുയർത്തുകയാണ്. വലിയ ദുരന്തമുണ്ടാകുന്നത് ഒഴിവാക്കാൻ അധികൃതതലത്തിൽ ഇടപെടലുണ്ടാകുന്നില്ലെന്നാണ് പ്രദേശത്തുകാരുടെ പരിഭവം. പൊലീസ് മുമ്പാകെ രണ്ട് തവണ ബന്ധപ്പെട്ടവരുടെ ചർച്ച നടന്നെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായില്ലെന്നാണ് വിവരം.
മേൽക്കൂരയടക്കം പൊളിച്ച കെട്ടിടം തകർന്നുവീഴാൻ ഏറെ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തുടരെയുണ്ടായ മഴ പരിസരവാസികളിൽ ഭീതിവിതച്ചിരിക്കുകയാണ്. സദാസമയവും ആൾത്തിരക്കുള്ള കവലയാണിത്. സഹകരണ ആശുപത്രിയും നിരവധി വ്യാപാരസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. കെട്ടിടത്തിന് മുന്നിലായി ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കാൻ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബദൽസംവിധാനം വേണം- സി.പി.എം. നൗഫൽ
( സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി)
തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ വീനസ് കവലയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കുന്നതിന് എതിരല്ല. പതിറ്റാണ്ടുകളായി കച്ചവടം ചെയ്യുന്നവർക്ക് ബദൽ സംവിധാനം നൽകണം. അതല്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ കെട്ടിടം ഉടമ തയാറാകണം. കെട്ടിടത്തിലെ വ്യാപാരികളുടെ ന്യായമായ ആവശ്യമാണിത്.
ജനപ്രതിനിധികൾ ഇടപെടണം -കെ. ശിവദാസൻ
(ഡി.സി.സി മെംബർ, തലശ്ശേരി)
വീനസ് കവലയിലെ പാതി പൊളിച്ചുമാറ്റിയ കെട്ടിടം ജനത്തിന് എന്തുകൊണ്ടും ഭീഷണിയാണ്. ഇടക്കിടെ മഴയുള്ള സാഹചര്യത്തിൽ ആളപായമടക്കം വൻ കഷ്ടനഷ്ടങ്ങൾക്ക് ഇത് വഴിയൊരുക്കും.പ്രശ്നം ചർച്ച ചെയ്യാൻ പൊലീസ് വിളിച്ചിട്ടും കെട്ടിട ഉടമ വരാത്തത് സ്വാധീനംമൂലമാണെന്ന് സംശയിക്കണം. ഭവിഷ്യത്തുകൾ മനസ്സിലാക്കി ജനപ്രതിനിധികൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.
കെട്ടിടം പൊളിക്കുന്നത് അപകടത്തിലായതിനാൽ -അഷ്റഫ് കെ.പി
(കെട്ടിടം ഉടമ, ചിറക്കര, തലശ്ശേരി)
വീനസ് കവലയിലെ കെട്ടിടം അപകടാവസ്ഥയിലായതിനാൽ ജില്ല ദുരന്തനിവാരണ കമ്മിറ്റിയാണ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. ആറ് വർഷം മുമ്പ് മറ്റൊരാളിൽനിന്നാണ് കെട്ടിടം വാങ്ങിയത്. കെട്ടിടത്തിൽ നാലു പേരാണ് കച്ചവടം നടത്തുന്നത്. ഇവരിൽനിന്ന് വാടകയിനത്തിൽ ഒന്നും ലഭിക്കുന്നില്ല. മാനുഷിക പരിഗണനയിലാണ് ഒാരോരുത്തർക്കും 50,000 രൂപ വെച്ച് നൽകാമെന്ന് മധ്യസ്ഥചർച്ചയിൽ സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.