തലശ്ശേരി: തലശ്ശേരി നഗരസഭയിലേക്ക് കോൺഗ്രസ് സീറ്റിൽ അമ്മയും രണ്ട് മക്കളും മത്സരത്തിന്. മുകുന്ദ് മല്ലർ റോഡിലെ കളത്തിൽ വീട്ടിൽ എ. ഷർമിള, മകൻ അഡ്വ. എസ്. രാഹുൽ, മകൾ എസ്. ഹൈമ എന്നിവരാണ് ജനവിധി തേടുന്നത്. മഹിള കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറും കോൺഗ്രസ് തലശ്ശേരി േബ്ലാക്ക് കമ്മിറ്റി സെക്രട്ടറിയുമായ ഷർമിളക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് അഞ്ചാം ഉൗഴമാണ്. മകൾ ഹൈമ രണ്ടാംവട്ടവും. കന്നി മത്സരമാണ് മകൻ രാഹുലിന്. മൂന്ന് പേരും വ്യാഴാഴ്ച പത്രിക സമർപ്പിച്ചു.
തലശ്ശേരിയിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ് ഷർമിള. കുഴിപ്പങ്ങാട്, കൊളേശ്ശരി, മോറക്കുന്ന്, തിരുവങ്ങാട് വാർഡുകളിലാണ് നേരത്തെ മത്സരിച്ചത്. മോറക്കുന്ന് വാർഡിലാണ് ഇത്തവണ ജനവിധി തേടുന്നത്. കുട്ടിമാക്കൂൽ വാർഡിലാണ് രാഹുൽ കന്നിയങ്കത്തിനിറങ്ങുന്നത്. കെ.എസ്.യു ജില്ല സെക്രട്ടറിയും യുവജന-വിദ്യാർഥി രാഷ്ട്രീയത്തിൽ തലശ്ശേരിയിലെ നിറസാന്നിധ്യവുമാണ്.
ചിള്ളക്കര വാർഡിലാണ് ഹൈമ മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് തലശ്ശേരി സൗത്ത് മണ്ഡലം സെക്രട്ടറിയും മഹിള കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം സോഷ്യൽ മീഡിയ കോർഡിനേറ്ററുമാണ്. കുട്ടിമാക്കൂൽ വാർഡിലാണ് ഹൈമ കഴിഞ്ഞ തവണ മത്സരിച്ചത്. കോൺഗ്രസ് തലശ്ശേരി മാരിയമ്മ ബൂത്ത് പ്രസിഡൻറ് പരേതനായ എൻ. അച്യുതെൻറ മകളാണ് ഷർമിള. ഭർത്താവ് കെ. സുന്ദരൻ മൂന്നു വർഷം മുമ്പ് മരിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഷർമിളയും മക്കളും കൈ ചിഹത്തിൽ കൈകോർത്ത് വോട്ട് ചോദിക്കാൻ ലഭിച്ച സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.