കൊല്ലം: പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽ തോപ്പ് കോളനിയിൽ വാക്കേറ്റവും സംഘർഷവും നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് എസ്.ഐയുടെ ജീപ്പിൻെറ ചില്ല് പൊട്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെകൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോളയത്തോടാണ് സംഭവം.
പോളയത്തോട് വയലിൽ തോപ്പിൽ നാഷനൽ നഗർ 57ൽ നൗഫലാണ് (19) പൊലീസ് പിടിയിലായത്. സംഭവ ദിവസം പൊലീസ് എത്തി നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കയറ്റിയ സമയം സ്ഥലത്തുണ്ടായിരുന്ന രാജേന്ദ്രൻ കല്ലെടുത്ത് ജീപ്പിൻെറ ചില്ല് ഇടിച്ച് പൊട്ടിക്കുകയും ആ സമയം നൗഫൽ ജീപ്പിൽനിന്നും രക്ഷപ്പെടുകയുമായിരുന്നു.
ഈ കേസിൽ രാജേന്ദ്രൻ, കിഷോർ, അഷറഫ് എന്നിവരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിൻെറ നിർദേശാനുസരണം ഈസ്റ്റ് എസ്.എച്ച്.ഒ രതീഷ്, എസ്.ഐ രതീഷ് കുമാർ, ജി.എസ്.ഐ ജയലാൽ, പ്രമോദ്, സി.പി.ഒമാരായ അനു, സന്തോഷ്, സജീവ്, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചിന്നക്കടയിൽനിന്നും പിടികൂടിയത്.
ലഹള ഉണ്ടാക്കുക പൊതുമുതൽ നശിപ്പിക്കുക, സർക്കാർ ജീവനക്കാരെ ആക്രമിക്കുക, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബാലികയോട് ലൈംഗികാതിക്രമം: വയോധികൻ പോക്സോ പ്രകാരം അറസ്റ്റിൽ
ഇരവിപുരം: മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം ഒമ്പതു വയസ്സുകാരിയോട് ലൈംഗിക അതിക്രമത്തിന് മുതിർന്ന ആൾ പൊലീസ് പിടിയിലായി. വടക്കേവിള ഉദയശ്രീ നഗർ 53 ലക്ഷ്മി വിഹാറിൽ രാജേന്ദ്രൻപിള്ള (63) ആണ് ഇരവിപുരം പൊലീസിൻെറ പിടിയിലായത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
മാതാവ് വീട്ടിൽ എത്തിയ സമയം പെൺകുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇരവിപുരം എസ്.എച്ച്.ഒ വി.വി. അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, എ.എസ്.ഐ മഞ്ജുഷ, സി.പി.ഒമാരായ മനാഫ്, ദീപു എന്നിവരടങ്ങിയ സംഘം ഇയാളെ വടക്കേവിളയിലുള്ള വസതിയിൽനിന്നും പിടികൂടുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.