കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ നാടകീയ രംഗത്തിനൊടുവിൽ യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണംപിടിച്ചു. അവിശ്വാസ പ്രമേയത്തിലൂടെ നിലവിലുണ്ടായിരുന്ന പ്രസിഡന്റിനെ പുറത്താക്കിയ ബി.ജെ.പിക്ക് ഇതോടെ അധികാരം പിടിക്കാൻ കഴിഞ്ഞില്ല. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് കഴിഞ്ഞ ദിവസം രാവിലെ തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ പാർട്ടി നടപടി നേരിടുന്ന യു.ഡി.എഫ് അംഗങ്ങൾ ഉൾപ്പെടെ എൽ.ഡി.എഫിനൊപ്പം നിന്നതോടെയാണ് ബി.ജെ.പിയുടെ മോഹം പൊലിഞ്ഞത്. പാർട്ടി നടപടി നേരിടുന്ന കോൺഗ്രസ് അംഗം വി.കെ. ജ്യോതിയെയാണ് എൽ.ഡി.എഫ് പിന്തുണയോടെ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പാർട്ടി വിപ്പ് ലഭിച്ച കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തില്ല. നെടുവത്തൂർ പഞ്ചായത്തിൽ 18 വാർഡുകളാണ് ഉള്ളത്. ഏഴ് സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ കക്ഷി. യു.ഡി.എഫ് ആറ് സീറ്റ് (കോൺഗ്രസ് -അഞ്ച്, കേരള കോൺഗ്രസ് ജേക്കബ് -ഒന്ന്), എൽ.ഡി.എഫ് നാല് (സി.പി.എം- രണ്ട്, സി.പി.ഐ - രണ്ട് ), യു.ഡി.എഫ് വിമത -ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
നേരത്തേ വിമതയായ ആർ. സത്യഭാമയെ പ്രസിഡന്റാക്കിയാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഏഴ് സീറ്റുമായി മുമ്പ് അധികാരത്തിൽ വന്നത്. എന്നാൽ, അഴിമതി ആരോപണത്തിൽ കോൺഗ്രസ് നേതാക്കൾ തന്നെ സത്യഭാമക്കെതിരെ രംഗത്ത് വന്നു. ഇതോടെ പ്രതിപക്ഷമായ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
ഈ അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിലെ നാലുപേർ ബി.ജെ.പി അംഗങ്ങൾക്ക് പിന്തുണ നൽകിയതോടെ പ്രസിഡന്റ് പുറത്തായി. പിന്നാലെ ബി.ജെ.പിയെ പിന്തുണച്ചതിന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ മൂന്നുപേർക്കെതിരെ അച്ചടക്ക നടപടി എടുത്തു.
ഇതിന്റെ ഭാഗമായി പാർട്ടി പരിപാടികളിൽ താൽക്കാലികമായി പങ്കെടുക്കാൻ പാടില്ലെന്ന നിർദേശം ഇവർക്ക് നൽകിയിരുന്നു. കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി ആർ. രാജശേഖരൻ പിള്ളയും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രണ്ട് മെംബർമാർക്ക് പാർട്ടി വിപ്പ് നൽകിയിരുന്നു.
ഇതിനാൽ ഇവർ രണ്ടുപേരും പങ്കെടുത്തില്ല. പാർട്ടി നടപടി നേരിടുന്ന മൂന്ന് അംഗങ്ങൾക്ക് ഡി.സി.സി പ്രസിഡന്റ് വിപ്പ് നൽകിയില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ വോട്ട് അസാധുവാക്കി. ബി.ജെ.പിക്ക് ഏഴ് വോട്ട് ലഭിച്ചപ്പോൾ, പാർട്ടി നടപടി നേരിടുന്ന കോൺഗ്രസ് മെംബർമാരായ വി.കെ. ജ്യോതി, ജലജ സുരേഷ്, സൂസമ്മ, കേരള കോൺഗ്രസ് ജേക്കബിന്റെ ആർ. രാജേശേഖരൻ പിള്ള ഉൾപ്പെടെ ഒപ്പം നിന്നപ്പോൾ എൽ.ഡി.എഫ് മറുഭാഗത്ത് എട്ട് വോട്ട് നേടി വി.കെ. ജ്യോതിയെ പ്രസിഡന്റാക്കി അധികാരത്തിലേറി.
ഇതോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണം പിടിക്കാമെന്ന ബി.ജെ.പിയുടെ തീരുമാനം നടക്കാതെയായി. എൽ.ഡി.എഫിനെ പിന്തുണച്ച കോൺഗ്രസ് മെംബറും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും ഇടതുപക്ഷത്തേക്ക് പോകുമെന്ന അഭ്യൂഹവുമുണ്ട്.
കൊട്ടാരക്കര: എൽ.ഡി.എഫിനൊപ്പം ചേർന്ന് നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം വി.കെ. ജ്യോതിയും മറ്റൊരു കോൺഗ്രസ് അംഗമായ സൂസമ്മയും സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് എഴുതി നൽകി.
കഴിഞ്ഞദിവസം രാവിലെ 10.30വരെ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരിക്കുമെന്ന നിലയിലായിരുന്നു. അവസാന മിനിറ്റുകളിലാണ് യു.ഡി.എഫിലെ മൂന്ന് അംഗങ്ങൾ എൽ.ഡി.എഫിനെ പിന്തുണക്കാമെന്ന നിലയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.