കൊട്ടാരക്കര: കൊട്ടാരക്കര-പുത്തൂർ റോഡിൽ അപകടക്കുഴികൾ ഭീഷണിയാകുന്നു. ഇടവിട്ട മഴയുള്ളതിനാൽ കുഴികളിൽ വെള്ളം കെട്ടിനിന്ന് അപകടങ്ങളും പതിവാകുന്നു. മുസ്ലിം സ്ട്രീറ്റ് പാലംമുതൽ പുത്തൂർ മണ്ഡപത്തിന് കിഴക്കുഭാഗംവരെ റോഡിന്റെ മിക്കയിടത്തും കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി.
ഓണത്തിന് മുന്നോടിയായി ചിലയിടങ്ങളിൽ കുഴിയടക്കൽ നടത്തിയെങ്കിലും അതെല്ലാം ഇളകിപ്പോയി. പുത്തൂർ ഭാഗത്തേക്കുള്ള വളവ് തിരിയുമ്പോൾ ചെറുവാഹനങ്ങൾ കുഴിയിൽ വീണ് മറിയുന്നു.
കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ കൊട്ടാരക്കര - നീലേശ്വരം - കോടതി മുച്ചയം റോഡിന്റെ നിർമാണം ആരംഭിച്ചിട്ട് വർഷങ്ങളായി. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്തായിരുന്നു റോഡ് നിർമാണത്തിന്റെ തുടക്കം. അന്നേ വിവാദവുമായിരുന്നു. എക്സി.എൻജിനീയറടക്കം നാല് പ്രധാന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ നിർമാണ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ടാറിങ് നടത്തിയ ഭാഗം വീണ്ടും പൊട്ടിപ്പൊളിയുന്ന സ്ഥിതിയുമായി.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണെങ്കിലും നഗരസഭ മുൻകൈയെടുത്ത് ഇവിടെ കുഴിയടക്കാനെങ്കിലും തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പാലത്തിന്റെ 200 മീറ്റർ അകലെയായി ബേക്കറിക്ക് സമീപത്ത് പലയിടത്തും ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു. പത്തടി കലുങ്കിന്റെ ഭാഗത്തെ കുഴികൾ മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇത് അടുത്ത മഴയത്ത് ഇളകിപ്പോകും.
പുത്തൂർ ചുങ്കത്തറക്ക് പെട്രോൾ പമ്പിനും ഇടയിൽ നാല് കുഴികൾ തീർത്തും അപകടക്കെണിയാണ്. രാത്രികാലങ്ങളിൽ ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. അപകടങ്ങളെതുടർന്ന് ഇവിടെ മണ്ണിട്ട് കുഴിയടയ്ക്കാൻ ശ്രമം നടന്നെങ്കിലും അതും ഇളകിപ്പോയി. ഇവിടെ ഓടക്ക് മൂടിയും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.