പുനലൂർ: നെടുമ്പാറ ഗവ.എൽ.പി സ്കൂളിന്റെ പഴയ കെട്ടിടവും ഭൂമിയും വിട്ടുകൊടുക്കാനാകില്ലെന്ന തിരുമാനത്തിൽ ആര്യങ്കാവ് പഞ്ചായത്ത് അധികൃതർ. സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം കെട്ടിടം വിട്ടുകൊടുക്കാൻ കലക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കുന്നതിനാൽ ഈ കെട്ടിടവും ഭൂമിയും വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് കമ്മിറ്റി തീരുമാനമെടുത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ഇവിടുള്ള കെട്ടിടത്തിലും ഭൂമിയിലുമുള്ള ഉടമസ്ഥാവകാശം ഇപ്പോഴും പഞ്ചായത്തിനാണെന്നും സെക്രട്ടറി സൂചിപ്പിച്ചു. എൽ.പി.എസ് ഹൈസ്കൂൾ വളപ്പിലേക്ക് മാറിയതോടെ പഞ്ചായത്താണ് പഴയ കെട്ടിടം ഉപയോഗിച്ചുവരുന്നത്. ഹൈസ്കൂളിന്റെ ലാബ് പ്രവർത്തിക്കാൻ പഴയ കെട്ടിടത്തിന്റെ ഒരുഭാഗം താൽക്കാലികമായി വിട്ടുനൽകിയതാണ്.
തോട്ടം മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് സൗജന്യമായി വിട്ടുനൽകാനാണ് സ്കൂൾ കെട്ടിടം ഓഡിറ്റോറിയമാക്കിയത്. കൂടാതെ, ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം തരം തിരിച്ച് സൂക്ഷിക്കുന്നതും ഇവിടെയാണ്.
കുടിവെള്ളപദ്ധതിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വളപ്പിൽ സ്കൂളുകൾ പ്രവർത്തിക്കാനുള്ള ആവശ്യത്തിനുള്ള സൗകര്യമുണ്ട്. എന്നിട്ടും സ്കൂൾ പി.ടി.എ പഴയ കെട്ടിടം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ, കെട്ടിടത്തിനും ഗേറ്റിനും പഞ്ചായത്ത് ഇട്ട പൂട്ടിന് മുകളിൽ പൂട്ടിട്ടതായും അധികൃതർ പറഞ്ഞു. ഇതുകാരണം ഹരിത കർമസേനയുടെ പ്രവർത്തനങ്ങളും തടസ്സപ്പെടുെന്നന്ന ആരോപണവും പഞ്ചായത്ത് അധികൃതർ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.