കുളത്തൂപ്പുഴ: വനം വകുപ്പിന്റെ സൗരോര്‍ജ വേലി മറികടന്ന് പകല്‍ ജനവാസമേഖലയിലെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപക കൃഷി നാശം വരുത്തി. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ചോഴിയക്കോട് പ്രദേശത്ത് അലി അക്ബറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാന കൃഷി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെ സമീപത്തെ വഴിയിലൂടെ കടന്നുപോകുകയായിരുന്ന സ്കൂള്‍ കുട്ടികളാണ് കാട്ടാനയെ കണ്ടത്. വഴിയുടെ ഓരത്തായുള്ള പുരയിടത്തില്‍ കാട്ടാനയെ കണ്ട് വിദ്യാര്‍ഥികള്‍ നിലവിളിച്ചതോടെയാണ് സമീപവാസികള്‍ വിവരമറിഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി ജനവാസമേഖലക്ക് ചുറ്റുമായി സ്ഥാപിച്ച സൗരോര്‍ജ വേലി അറ്റകുറ്റപ്പണികളും സംരക്ഷണവുമില്ലാതെ പ്രവര്‍ത്തന ക്ഷമമല്ലാതായിരുന്നു. ദിനംപ്രതി സമീപ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികളും തൊഴിലാളികളുമടക്കം നിരവധിപേര്‍ കടന്നുപോകുന്ന വഴിയരികിലായാണ് കാട്ടാനയെ കണ്ടത്. നാട്ടുകാര്‍ സംഘടിച്ച് ബഹളവുമുണ്ടാക്കിയ ശേഷമാണ് കാട്ടാന വനത്തിലേക്ക് മടങ്ങിയത്.
അടിയന്തരമായി സൗരോര്‍ജ വേലി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കുകയോ കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടന്നെത്താതിരിക്കാനുള്ള നടപടികളോ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.