കോട്ടയം: ചട്ടവിരുദ്ധമായി കൗൺസിൽ യോഗം വിളിച്ചതിനെച്ചൊല്ലി നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധവും ഉപരോധവും. മൂന്നു പ്രവൃത്തിദിവസങ്ങൾക്കുമുമ്പ് കൗൺസിൽ നോട്ടീസ് നൽകണമെന്ന ചട്ടംലംഘിച്ച് തലേദിവസം മാത്രമാണ് കൗൺസിലർമാർക്ക് നോട്ടീസ് നൽകിയത്. ഇതായിരുന്നു ബഹളത്തിന് വഴിവെച്ചത്. ബഹളം രൂക്ഷമായതോടെ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. സെക്രട്ടറി ഇൻ ചാർജ് എത്താതെ യോഗം തുടങ്ങാനുള്ള അധ്യക്ഷയുടെ നീക്കം ആദ്യമേ പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ തടഞ്ഞു. സെക്രട്ടറി വന്നിട്ടുമതി യോഗമെന്ന് ഷീജ പറഞ്ഞതോടെ അധ്യക്ഷ ഫോണിൽ അവരെ ബന്ധപ്പെട്ടു. അൽപസമയം കഴിഞ്ഞ് സെക്രട്ടറി ഇൻ ചാർജ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അനിലയെത്തി ഇരിപ്പിടത്തിലിരുന്നതോടെ മാത്രമാണ് എൽ.ഡി.എഫ് കൗൺസിലർമാർ ശാന്തരായത്. തുടർന്ന് അജണ്ട വായിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ വീണ്ടും ഷീജ എഴുന്നേറ്റു. ചട്ടവിരുദ്ധമായാണ് നോട്ടീസ് നൽകിയതെന്നും അതിനാൽ കൗൺസിൽ യോഗം നടത്താനാവില്ലെന്നും റദ്ദാക്കണമെന്നും ഷീജ ആവശ്യപ്പെട്ടു. നോട്ടീസ് നൽകുന്ന ദിവസവും കൗൺസിൽ നടക്കുന്ന ദിവസവും ഒഴികെ മൂന്നു പ്രവൃത്തി ദിനങ്ങൾക്കുമുമ്പ് നോട്ടീസ് നൽകണമെന്നാണ് മുനിസിപ്പൽ ചട്ടം. അല്ലെങ്കിൽ ഒറ്റ അജണ്ടവെച്ച് അടിയന്തര കൗൺസിൽ ചേരാം. എന്നാൽ, കഴിഞ്ഞ കൗൺസിലിൽ ബാക്കിയായ ഏഴു അജണ്ടകളും ഒരു സപ്ലിമെന്‍ററി അജണ്ടയുമാണ് യോഗത്തിനുവെച്ചിരുന്നത്. ഇത് ശരിയാണോ എന്ന് സെക്രട്ടറി പറയണമെന്ന് ഷീജ ആവശ്യപ്പെട്ടു. തനിക്കും തിങ്കളാഴ്ച വൈകീട്ട് മാത്രമാണ് നോട്ടീസ് കിട്ടിയതെന്നും അത് ചട്ടവിരുദ്ധമാണെന്നും സെക്രട്ടറി ഇൻ ചാർജ് സമ്മതിച്ചതോടെ എൽ.ഡി.എഫ് കൗൺസിലർമാർ ഒന്നടങ്കം എഴുന്നേറ്റ് പ്രതിഷേധവുമായി അധ്യക്ഷയെ സമീപിച്ചു. അധ്യക്ഷ സംസാരിക്കാനെഴുന്നേറ്റെങ്കിലും സമ്മതിച്ചില്ല. യോഗം റദ്ദാക്കി ഇറങ്ങിപ്പോകാൻ ഷീജ ആവശ്യപ്പെട്ടതോടെ കൗൺസിൽ ഹാളിൽനിന്നിറങ്ങി ചേംബറിലേക്കുപോയ അധ്യക്ഷ തുടർന്ന് കാറിൽകേറി മടങ്ങുകയും ചെയ്തു. ഇതോടെ എൽ.ഡി.എഫ് അംഗങ്ങളും ഇറങ്ങിപ്പോയി. അധ്യക്ഷയുടെ കാബിന് മുന്നിൽ കുത്തിയിരുന്ന് ഏറെനേരം മുദ്രാവാക്യം വിളിച്ചു. നഗരസഭയിൽ അധ്യക്ഷയുടെ ഏകാധിപത്യഭരണം -അഡ്വ. ഷീജ അനിൽ കോട്ടയം: അധ്യക്ഷയുടെ ഏകാധിപത്യ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ആരോപിച്ചു. കൗൺസിൽ യോഗത്തിലെടുക്കുന്ന തീരുമാനങ്ങളല്ല മിനിറ്റ്സിൽ വരുന്നത്. അധ്യക്ഷയും സെക്ഷൻ ക്ലർക്കും ചേർന്നുള്ള അഴിമതിയാണ് നടക്കുന്നത്. തലേദിവസം കൗൺസിൽ നോട്ടീസ് നൽകിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഇടതുപക്ഷത്തോട് ആലോചിച്ച് കൗൺസിൽ യോഗം തീരുമാനിക്കാനാകില്ല എന്നായിരുന്നു മറുപടി. അഴിമതി നടത്തുന്നതിനാണ് നോട്ടീസ് നേരത്തേ നൽകാതിരുന്നത്. കുറച്ചുകാലമായി വിജിലൻസ് കയറിയിറങ്ങുകയാണ് നഗരസഭയിലെന്നും ഷീജ അനിൽ കുറ്റപ്പെടുത്തി. വൈസ് ചെയർമാൻെറ അധ്യക്ഷതയിലെടുത്ത കൗൺസിൽ തീരുമാനങ്ങൾ പോലും ചെയർപേഴ്സൻ നടപ്പാക്കുന്നില്ലെന്ന് മറ്റു കൗൺസിലർമാർ പറഞ്ഞു. പടം: DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.