വിവരം ചോർത്തിയ സംഭവം: പൊലീസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ: പൊലീസ്​ ഡേറ്റബേസിലെ വ്യക്തിവിവരങ്ങൾ എസ്​.ഡി.പി.ഐ പ്രവർത്തകർക്ക്​ ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവിസിൽനിന്ന്​ പിരിച്ചുവിട്ടു. തൊടുപുഴ കരിമണ്ണൂർ സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന പി.കെ. അനസിനെയാണ് ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി പിരിച്ചുവിട്ടത്​. മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന്​ കെ.എസ്.ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിക്ക് പൊലീസിന്‍റെ ഔദ്യോഗിക ഡേറ്റബേസിൽനിന്നുള്ള വ്യക്തിവിവരങ്ങൾ അനസ് വാട്​സ്​ആപ്പ്​ വഴി അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ 28ന് സസ്‌പെൻഡ്​ ചെയ്തു. വിവരങ്ങൾ ചോർത്തിയതായി നാർകോട്ടിക്‌ സെൽ ഡിവൈ.എസ്.പി എ.ജി. ലാൽ നടത്തിയ അന്വേഷണത്തിലും കണ്ടെത്തി. പൊലീസുകാർ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടരുതെന്ന ചട്ടം നിലനിൽക്കെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ-മെയിൽ അയച്ചതായും പൊലീസ്​ പറയുന്നു. തുടർന്ന്, സർവിസിൽനിന്ന്​ പിരിച്ചുവിടണമെന്ന ശിപാർശയോടെ ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ അനസിന് എസ്​.പി നോട്ടീസ് നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്​ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന്​​ എസ്​.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.